തൃശൂർ: നിസാമുദ്ദീനിൽ നിന്നെത്തിയ ആൾക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ കടപ്പുറം പഞ്ചായത്തിൽ അടിയന്തര യോഗം ചേർന്നു. കെ.വി അബ്ദുൽ ഖാദർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം പ്രദേശത്ത് കനത്ത ജാഗ്രത പുലർത്താൻ തീരുമാനിച്ചു. രോഗം സ്ഥിരീകരിച്ചയാൾ ഡൽഹി നിസാമുദ്ദീനിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഫെബ്രുവരി 28ന് ഡൽഹി, തുടർന്ന് മാർച്ച് 15ന് മുംബായ്, മാർച്ച് 24ന് ബാംഗ്ലൂർ വഴി 25ന് തിരുവനന്തപുരത്ത് എത്തി. അന്നുതന്നെ ചാവക്കാട് വീട്ടിലെത്തുകയും ചെയ്തു. ഷെയർ ടാക്‌സിയിലായിരുന്നു തിരുവനന്തപുരത്ത് നിന്നുള്ള യാത്ര. ടാക്‌സി ഡ്രൈവറെയും വണ്ടി ഷെയർ ചെയ്തവരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കി.
203 പേരാണ് കടപ്പുറം പഞ്ചായത്തിൽ വിദേശത്തുനിന്ന് എത്തിയത്. അതിൽ 44 പേരൊഴികെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി. കടപ്പുറം, ബ്ലാങ്ങാട് ബീച്ച് എന്നിവിടങ്ങളിൽ ആളുകളോ മത്സ്യത്തൊഴിലാളികളോ കൂട്ടം കൂടാതെ ശ്രദ്ധിക്കാൻ പൊലീസിനെ ചുമതലപ്പെടുത്തി. ഇന്നു മുതൽ ഹാർബർ തുറന്നു പ്രവർത്തിക്കും. പഞ്ചായത്തിലെ 188 അന്യ സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിക്കും. രോഗബാധിതന്റെ ഭാര്യയും മൂന്നു മക്കളും തൃശൂർ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്. കടപ്പുറത്ത് ഇദ്ദേഹത്തിന്റെ വീടും പരിസരവും ഗുരുവായൂർ ഫയർഫോഴ്‌സിന്റെ സഹായത്തോടെ അണുവിമുക്തമാക്കാനും തീരുമാനിച്ചു.