എരുമപ്പെട്ടി: ലോക്ക് ഡൗണിൽ സർഗ്ഗ വൈഭവങ്ങൾക്ക് പൂട്ടിടാതെ കോൺകോഡ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ. കരുതൽ കാലം അറിവുകളുടേയും അനുവങ്ങളുടേയും ദിവസങ്ങളാക്കി മാറ്റുകയാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും. അവിചാരിതമായി കടന്നു വന്ന കൊവിഡ് 19 എന്ന മഹാമാരിയുടെ ജാഗ്രതയുടെ ഭാഗമായാണ് നേരത്തെ വന്നണഞ്ഞ മദ്ധ്യവേനലവധിയെ ഇവർ ഉപയോഗപ്പെടുത്തിയത്. എൽ.കെ.ജി മുതൽ പ്ലസ്‌ടു വരെയുള്ള 72 ക്ലാസുകളിലേയും രക്ഷിതാക്കളെ ഉൾപ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പുകളുണ്ട്. ആ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ അദ്ധ്യാപകരുടെ നിർദേശമനുസരിച്ച് വിദ്യാർത്ഥികൾ അവരുടെ സർഗ്ഗഭാവനകൾക്ക് നിറം പകരുകയാണ്. ചിത്രരചന, പെയിന്റിംഗ്, ഗാർഡനിംഗ്, കുക്കിംഗ്, കഥ, കവിത, ക്രാഫ്റ്റ് വർക്ക് എന്നീ മേഖലകളിലും പാഴ് വസ്തുക്കളെ കൊണ്ട് വിവിധ തരം ഉത്പന്നങ്ങൾ നിർമ്മിച്ചും കൃഷി ചെയ്തും ലോക് ഡൗൺ കാല ഘട്ടം വ്യത്യസ്തമാക്കിയിരിക്കുകയാണ് വിദ്യാർത്ഥികൾ. വിവിധ തരം ഗെയിമുകൾ നൽകിയും ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചും അദ്ധ്യാപകർ വിദ്യാർത്ഥികളുമായി നിരന്തരം സംവദിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. കുട്ടികളുടെ സർഗാത്മക കഴിവുകൾ മറ്റുള്ളവർക്ക് കണ്ടും കേട്ടും ആസ്വദിക്കുന്നതിന് വേണ്ടി സ്കൂൾ ഫേസ്ബുക്ക് പേജിലും വെബ്സൈറ്റിലും പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട്.