മാള: മാള പഞ്ചായത്തിലെ സമൂഹ അടുക്കളയിൽ നിന്ന് ഓരോ ദിവസവും നൽകുന്ന ഭക്ഷണപ്പൊതികളുടെ എണ്ണം വർദ്ധിക്കുന്നു. വെള്ളിയാഴ്ച 425 പേർക്കുള്ള ഭക്ഷണമാണ് നൽകിയത്. ഇതിൽ 200 പേരും അതിഥി തൊഴിലാളികളാണ്. കൂടാതെ നിരീക്ഷണത്തിൽ കഴിയുന്നവരും തനിച്ച് താമസിക്കുന്നവരും യാചകരും അടക്കമുള്ളവർക്കാണ് ഭക്ഷണം എത്തിക്കുന്നത്. 25 പേർ മാത്രമാണ് പണം നൽകി സമൂഹ അടുക്കളയിൽ നിന്ന് ഉച്ചഭക്ഷണം വാങ്ങുന്നത്. പഞ്ചായത്ത് അംഗങ്ങളും കുടുംബശ്രീ സി.ഡി.എസ് നേതൃത്വവും ചേർന്നാണ് ഭക്ഷണം തയ്യാറാക്കുന്നത്. വാർഡ് തലത്തിൽ തിരഞ്ഞെടുത്തിട്ടുള്ള സന്നദ്ധ പ്രവർത്തകരാണ് ഭക്ഷണം എത്തിച്ചുകൊടുക്കുന്നത്. ഉച്ചയ്ക്കും രാത്രിയും കഴിക്കുന്നതിനുള്ള ഭക്ഷണമാണ് വിതരണം ചെയ്യുന്നത്. വാർഡ് മെമ്പർമാർ ഓരോ ദിവസവും മാറിയാണ് അടുക്കളയിലെ ജോലികൾ നിർവഹിക്കുന്നത്. നാട്ടുകാരിൽ നിന്ന് ശേഖരിച്ച സാധനങ്ങളും പണവും ഉപയോഗിച്ചാണ് ഭക്ഷണം ഒരുക്കുന്നത്.