ചാലക്കുടി: കൊവിഡ് 19 സ്ഥിരീകരിച്ച കലിക്കൽക്കുന്നിലെ കുട്ടിയുമായി സമ്പർക്കം പുലർത്തിയ വ്യാപാരിയ്ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ രണ്ടു ദിവസമായി ചാലക്കുടിയെ മുൾമുനയിൽ നിറുത്തിയ ആശങ്കയ്ക്ക് വിരാമമായി. കടയിലെത്തി പലവ്യഞ്ജനങ്ങൾ വാങ്ങിപ്പോയ കുട്ടിയ്ക്ക് പിന്നീടാണ് അമ്മയോടൊപ്പം കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കടയുടമയെ ആരോഗ്യ വകുപ്പ് നീരീക്ഷണത്തിലാക്കുകകയും ചെയ്തു. ഇതേ തുടർന്നാണ് കടയുടമ സാധനങ്ങൾ വാങ്ങാനെത്തിയ ചാലക്കുടി മാർക്കറ്റിലെ ആറ് കടകൾ നഗരസഭ അടപ്പിച്ചത്. തുടർന്ന് നഗരത്തിലെ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുകകയും ചെയ്തു. ഇതിനിടെ സാമൂഹിക മാദ്ധ്യമങ്ങിലും ചില ഒദ്യോഗിക മാദ്ധ്യമങ്ങളിലും വന്ന വാർത്തകളും കിംവദന്തികളുമാണ് ജനങ്ങളെ ആശങ്കയിലാക്കിയത്. കലിക്കൽക്കുന്നിലെ കച്ചവടക്കാരന് കൊവിഡ് സ്ഥിരീകരിച്ചുവെന്ന വിധമാണ് വാർത്തകൾ പ്രചരിച്ചത്. വൈറസ് ബാധയുള്ള കുട്ടി ചാലക്കുടി മാർക്കറ്റിൽ എത്തിയെന്നും പ്രചരണമുണ്ടായി. എന്നാലിപ്പോൾ എല്ലാ കെട്ടുകഥകൾക്കും അങ്കലാപ്പിനും വിരാമിട്ടാണ് വ്യാപാരിയുടെ സ്രവ പരിശോധ ഫലം പുറത്തുവന്നത്.