തൃശൂർ : കൊവിഡ് 19 ഉയർത്തുന്ന ആശങ്കയുടെ മറവിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിലെ ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പുകളിൽ ഏർപ്പെടുന്നവർക്കെതിരെ കേരള എപ്പിഡമിക്ക് ഡിസീസസ് ഓർഡിനൻസിന്റെയും ദുരന്ത നിവാരണ നിയമത്തിന്റെയും അടിസ്ഥാനത്തിൽ കേസെടുത്ത് കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ സംസ്ഥാന പൊലിസ് മേധാവിക്ക് നിർദ്ദേശം നൽകി. ഇത്തരം നിയമലംഘനങ്ങൾ സംസ്ഥാനത്ത് ഒരിടത്തും നടക്കാതിരിക്കാൻ ആവശ്യമായ നിർദ്ദേശം ജില്ലാ പൊലിസ് മേധാവിമാർക്ക് നൽകണമെന്നും കമ്മിഷൻ ജൂഡിഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കഴിഞ്ഞ വ്യാഴാഴ്ച തൃശൂർ പഴയന്നൂരിലെ സൂപ്പർ മാർക്കറ്റിൽ നടന്ന തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി . 2 ചാക്ക് അരി, 25 കിലോ വീതം മൈദയും പഞ്ചസാര എന്നിവയാണ് പട്ടാമ്പി തൃത്താല സ്വദേശി മുസ്തഫയും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന നാട്യൻ ചിറ സ്വദേശിനി നസീമയും ചേർന്ന് സൗജന്യമായി തട്ടിയത്. മനുഷ്യാവകാശ കമ്മിഷന്റെ ലേബലിലാണ് ഇവ വാങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം. ബെലേറോ ജീപ്പിന്റെ ഗ്ലാസിൽ ഹ്യൂമൻ റൈറ്റ്സ് എന്ന് ചുവന്ന അക്ഷരത്തിൽ വലിപ്പത്തിൽ സ്റ്റിക്കർ പതിപ്പിച്ചാണ് ഇവർ കടയിൽ എത്തിയത്. പിടിച്ചെടുത്ത വാഹനം കൊടുങ്ങല്ലൂർ സ്വദേശിയുടേതാണ്. നടപടി സ്വീകരിച്ച ശേഷം സംസ്ഥാന പൊലീസ് മേധാവി 45 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. കേസ് തൃശൂരിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.