കൊടുങ്ങല്ലൂർ: കൊവിഡ് 19 ഭീഷണി മൂലം രാജ്യം ലോക്ക് ഡൗണിലായിരിക്കെ, ബംഗളൂരുവിൽ ചിക്കൻ പോക്‌സ് ബാധിച്ച് കിടപ്പിലായ, മകളെ നാട്ടിലെത്തിക്കാൻ ഇറങ്ങിപ്പുറപ്പെട്ട പിതാവിന് ദൗത്യം വിജയകരമായതിന്റെ സംതൃപ്തി. പൊതുപ്രവർത്തകൻ കൂടിയായ പിതാവ് അഴീക്കോട് കൊട്ടിക്കൽ സ്വദേശി പി.എസ് മണിലാലാണ് നീണ്ട യാത്രയിലൂടെ മകളെ ബംഗളൂരുവിൽ നിന്നും അഴീക്കോട് കൊട്ടിക്കലുള്ള വീട്ടിലെത്തിച്ചത്.
സ്‌പൈസ് ജെറ്റിലെ ജീവനക്കാരിയായ മകൾ നമിതയ്ക്ക് ചിക്കൻപോക്‌സ് ബാധിച്ചതായുള്ള വിവരം മണിലാലിന് ലഭിച്ചത് ബുധനാഴ്ച്ച രാവിലെയാണ്. പകർച്ച വ്യാധിയായതിനാൽ ഹോസ്റ്റലിൽ നിന്നൊഴിയണമെന്ന നിർദ്ദേശം ലഭിച്ചിരിക്കുകയാണെന്ന് കൂടി അറിഞ്ഞതോടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നോളാമെന്ന് മകൾക്ക് ഉറപ്പ് നൽകി. എം.എൽ.എ, എം.പി, ജില്ലാ കലക്ടർ എന്നിവരെയൊക്കെ ബന്ധപ്പെട്ടുവെങ്കിലും ഈ സാഹചര്യത്തിൽ നാട്ടിലേക്ക് കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്നായിരുന്നു അഭിപ്രായം.
ഇതിനിടെ അടുത്ത സുഹൃത്തും കോൺഗ്രസ് നേതാവുമായ അഡ്വ. പി.എച്ച്. മഹേഷ് ധൈര്യം പകരാനെത്തി. ഇതുവഴി കൊടുങ്ങല്ലൂർ സി.ഐ പി.കെ പത്മരാജനിൽ നിന്നും വാളയാർ വരെ യാത്ര ചെയ്യാനുള്ള അനുമതിപത്രവും ലഭ്യമാക്കി. എസ്.വൈ.എസ് ആംബുലൻസ് പ്രവർത്തകരായ അനീസ്, മജീദ് എന്നിവർക്കൊപ്പം വൈകീട്ട് ആറിന് യാത്ര തിരിച്ചു. വാളയാർ വരെ സുഗമമായി നീങ്ങിയ യാത്ര, സംസ്ഥാന അതിർത്തി പിന്നിട്ട ഘട്ടത്തിൽ തമിഴ്‌നാട് ആരോഗ്യ വകുപ്പ് തടഞ്ഞു. യാത്ര തീർത്തും മുടങ്ങുമെന്ന ഘട്ടത്തിൽ പഴയൊരു സുഹൃത്തായ സർക്കിൾ ഇൻസ്‌പെക്ടർ ഉണ്ണിക്കൃഷ്ണന്റെ ഇടപെടൽ രക്ഷയായി. ഫോൺ വഴിയുള്ള ഉണ്ണിക്കൃഷ്ണന്റെ ഇടപെടലിലൂടെ തമിഴ്‌നാട് അതിർത്തി തുറന്നു. നിരവധി ഇടങ്ങളിലുണ്ടായ വാഹന പരിശോധനകൾക്ക് ശേഷം കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലാതെ കർണ്ണാടക അതിർത്തിയും കടന്ന് പിറ്റെദിവസം പുലർച്ചെ നാലോടെ ബംഗളൂരുവിലെത്തി.
ഉടനെ മകളെയും കൂട്ടി മടങ്ങി, വീണ്ടും വാളയാർ ചെക്ക് പോസ്റ്റിലുണ്ടായ തടസം തീർക്കാനും സി.ഐ ഉണ്ണിക്കൃഷ്ണൻ തുണയായി. സംഭവബഹുലമായ ആ യാത്ര ആയിരം കിലോമീറ്റർ താണ്ടി, വീട്ടുമുറ്റത്തെത്തിയ ആംബുലൻസിൽ നിന്നും മകളെ വീട്ടിലേക്ക് ആനയിക്കുമ്പോൾ വലിയൊരു പ്രതിസന്ധി ഘട്ടത്തിൽ തനിക്ക് തുണയേകിയ നിരവധി പേർക്ക് നന്ദിയും പ്രകടിപ്പിച്ച് അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുകയായിരുന്നു.