എരുമപ്പെട്ടി: എരുമപ്പെട്ടിയിലെ അമൃതം പൊടി നിർമ്മാണ തൊഴിലാളികൾക്ക് ശമ്പളം നൽകാനുള്ള പണം മൂന്ന് മാസമായി ട്രഷറിയിൽ നിന്ന് ലഭിക്കുന്നില്ലെന്ന് പരാതി. 20 തൊഴിലാളി കുടുംബങ്ങളാണ് വരുമാനമില്ലാതെ ലോക്ക് ഡൗൺ കാലത്ത് പ്രതിസന്ധിയിൽ കഴിയുന്നത്. അംഗൻവാടികൾക്ക് ആവശ്യമായ പോഷകാഹാരം നിർമ്മിച്ചു നൽകുന്ന എരുമപ്പെട്ടി പഞ്ചായത്തിലെ ഫുഡ് സപ്ലിമെന്റിലെ തൊഴിലാളികളാണ് ട്രഷറിയിൽ പണം ലഭിക്കാത്തതിനാൽ വീട്ടു ചെലവിന് പണമില്ലാതെ ജീവിതം ലോക്കായി കഴിയുന്നത്.

എരുമപ്പെട്ടി, മുള്ളൂർക്കര, തെക്കുംക്കര പഞ്ചായത്തുകളിലെ അംഗൻവാടികളിൽ നിന്നായി ആറര ലക്ഷത്തിലധികം രൂപയാണ് എരുമപ്പെട്ടി യൂണിറ്റിന് ലഭിക്കാനുള്ളത്. ഒരു കിലോയ്ക്ക് 70 രൂപ നിരക്കിൽ 1000 കിലോഗ്രാം അമൃതം പൊടിയാണ് ഒരു ദിവസം ഇവർ നിർമ്മിക്കുന്നത്. ആഴ്ചയിൽ 5 പേർ ഷിഫ്ടായി ജോലിയെടുക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ എരുമപ്പെട്ടി പഞ്ചായത്തിൽ നിന്നും നാലര ലക്ഷം രൂപയും മുള്ളൂർക്കര പഞ്ചായത്തിൽ നിന്നും ഒന്നര ലക്ഷം രൂപയും, തെക്കുംകര പഞ്ചായത്തിൽ നിന്നും 50,000 രൂപയും ട്രഷറിയിൽ പാസായി കിടക്കുന്നുണ്ട്.

എന്നാൽ ഇത് സർക്കാർ തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് ഇതുവരെയും ട്രാൻസ്ഫർ ചെയ്ത് കൊടുത്തിട്ടില്ല. ഇല്ലാത്ത മുടന്തൻ ന്യായങ്ങൾ പറഞ്ഞ് തൊഴിലാളികളെ സർക്കാർ കബളിപ്പിക്കുകയാണെന്ന് ഇവർ പറയുന്നു. നിർദ്ധന കുടുംബങ്ങളിൽ നിന്നും വരുന്ന തൊഴിലാളികളുടെ വരുമാനമാർഗം ഇതോടെ നിലച്ചിരിക്കുകയാണ്. സർക്കാരിന്റെ അവഗണന ലോക്ക് ഡൗൺ കാലത്ത് തൊഴിലാളികളുടെ കുടുംബ ജീവിതത്തെയാണ് സാരമായി ബാധിച്ചിരിക്കുന്നത്.