എരുമപ്പെട്ടി: ലോക്ക് ഡൗൺ സമയത്ത് പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്പന്ദനം വാട്‌സാപ്പ് ഗ്രൂപ്പ് നടപ്പിലാക്കുന്ന വീട്ടു തൊടിയിൽ പച്ചക്കറിയെന്ന പദ്ധതിക്ക് തുടക്കം. മൂന്ന് വർഷമായി ഗ്രാമങ്ങളെ കൂട്ടിയിണക്കി 18 വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ ഡിജിറ്റൽ ചന്ത എന്ന ആശയം സ്പന്ദനം വിജയകരമായി തുടരുന്നു.
ലോക്ക് ഡൗൺ സമയത്തും സ്പന്ദനം ഗ്രൂപ്പിനെ ഉപയോഗപ്പെടുത്തി ഗ്രാമങ്ങളിൽ കച്ചവടം സുഗമമായി നടക്കുന്നുണ്ട്. വീട്ടിൽ പാഴാക്കിക്കളയുന്ന സമയം ഉപയോഗിച്ച് ഗ്രൂപ്പ് അംഗങ്ങൾക്ക് വീട്ടിൽ പച്ചക്കറി ചെയ്യാൻ സൗജന്യമായി വിത്തുകൾ നൽകുന്നതാണ് പുതിയ പദ്ധതി. എരുമപ്പെട്ടി, കടങ്ങോട്, വേലൂർ, വരവൂർ, ദേശമംഗലം, തിരുമിറ്റക്കോട്, മുള്ളൂർക്കര പഞ്ചായത്തുകളിലും വടക്കാഞ്ചേരി നഗരസഭയിലെ പ്രദേശങ്ങളിലുമാണ് ഗ്രൂപ്പിന്റെ പ്രവർത്തനം.
18 ഗ്രൂപ്പുകളിലായി 3500 അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്. വിവിധ ഗ്രൂപ്പിൽ വിത്ത് പാക്കറ്റ് ആവശ്യപ്പെടുന്നവർക്ക് പ്രാദേശിക അഡ്മിൻമാരാണ് എത്തിച്ച് കൊടുക്കുന്നത്. റിട്ട. പൊലീസ് ഓഫീസറും കർഷകനുമായ സുഭാഷ് തിച്ചൂരിന് സ്പന്ദനം ഗ്രൂപ്പ് സ്ഥാപകരായ തിച്ചൂർ സുരേഷ്, കൃഷ്ണകുമാർ കുട്ടഞ്ചേരി എന്നിവർ ചേർന്ന് വിത്ത് പേക്കറ്റ് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.