ചാവക്കാട്: അജ്ഞാത മനുഷ്യനെ കാണുന്നുവെന്ന പ്രചാരണം വെറും കെട്ടുകഥയെന്ന് കെ.വി. അബ്ദുൽ കാദർ എം.എൽ.എ ഓഡിയോ സന്ദേശത്തിലൂടെ രംഗത്ത്. രാത്രിയിൽ ഈ പേരും പറഞ്ഞു ചിലർ കൂട്ടം കൂടി നടക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇങ്ങനെ ആളുകൾ പ്രവർത്തിക്കുന്നത് നിയമപരമായി അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര - സംസ്ഥാന സർക്കാരുകളും ആരോഗ്യ വകുപ്പും പ്രഖ്യാപിച്ചിട്ടുള്ള ലോക് ഡൗൺ ഏകദേശം അതിന്റെ വഴിയിൽ അടുക്കുകയാണ്. കൊവിഡ് 19 നെ പിടിച്ചു കെട്ടാനുള്ള ഒരു സാഹചര്യം ഉണ്ടാകാൻ പോവുകയാണ്. അപ്പോൾ രാത്രിയിൽ ആളുകളെ ഇളക്കിവിടാനും, ജനങ്ങളെ ഭയപ്പെടുത്താനും നടക്കുന്ന കള്ള പ്രചാരണത്തെ എല്ലാവരും തിരിച്ചറിയണമെന്നും എം.എൽ.എ പറഞ്ഞു.
ശക്തമായ പൊലീസ് പട്രോളിംഗ് നടത്തുന്നുണ്ട്. സംഘം ചേർന്ന് നടക്കുക, ബഹളം വയ്ക്കുക, ആളുകളെ പേടിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നടക്കുന്ന വളരെ കുറച്ചു ആളുകൾ ഇത് തിരിച്ചറിയണം. ഭയപ്പെടേണ്ട സാഹചര്യമില്ല. വാട്‌സ് അപ് ഗ്രൂപ്പുകളിൽ തെറ്റായ പ്രചരണങ്ങൾ നടക്കുന്നുണ്ട്. കള്ള വാർത്തകളിൽ ഭയപ്പെടുന്നത് കൂടുതലും പ്രവാസികളാണ്. സ്വന്തം കുടുംബത്തെ വിട്ട് വിദേശത്തു പോയി അദ്ധ്വാനിക്കുന്നവർ ഈ തെറ്റായ പ്രചരണം കൊണ്ട് വളരെ ആശങ്കയിലാണെന്നും അവരെ ബുദ്ധിമുട്ടിക്കരുതെന്നും ഓഡിയോ സന്ദേശത്തിലൂടെ കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ അറിയിച്ചു.
കഴിഞ്ഞ ദിവസം(വെള്ളിയാഴ്ച്ച) രാത്രി തിരുവത്ര കോട്ടപ്പുറം കിഴക്കു ഭാഗത്തുള്ള ഹനുമാൻകുട്ടി ക്ഷേത്ര പരിസരം, ചിങ്ങനാത്ത് പാലം പരിസരം എന്നിവിടങ്ങളിൽ അജ്ഞാത മനുഷ്യൻ വന്ന് വീടുകളിലെ ജനാലകൾ തല്ലിപ്പൊളിച്ചു, വാതിലിൽ വന്ന് മുട്ടി എന്നും പറഞ്ഞു ടോർച്ചും, മറ്റും ഏന്തി ഒരു സംഘം യുവാക്കൾ ബൈക്കുകളിലും,നടന്നും കറങ്ങിയിരുന്നു.
തെറ്റായ പ്രചരണം, ഭയപ്പെടേണ്ട
നാടിന്റെ ഉറക്കം കെടുത്തുന്ന അജ്ഞാത മനുഷ്യൻ നടക്കുന്നു, ബ്ലാക്ക് മാൻ നടക്കുന്നു എന്നൊക്കെ പറഞ്ഞിട്ടുള്ള വലിയ പ്രചാരണം നടക്കുന്നുണ്ട്. സത്യത്തിൽ പൊലീസ് ഇതേക്കുറിച്ച് ശക്തമായി അന്വേഷിച്ചപ്പോൾ അങ്ങനെ എവിടെങ്കിലും ആരെങ്കിലും കണ്ടതായിട്ടോ ഒരു വിവരവും ഇല്ല. തെറ്റായ ഒരുപാട് പ്രചാരണങ്ങൾ മേഖലയിൽ നടക്കുന്നുണ്ട്. ആളുകളെ രാത്രി ഭയചകിതരാക്കാനായി ഏതോ ഗൂഢ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രചരണമാണ്. അതിന് വസ്തുതവുമായിട്ട് യാതൊരു ബന്ധവുമില്ല.