മീനച്ചൂടിൽ നടുറോഡിൽ പന്തലിട്ട് യാത്രക്കാർക്കും തണലൊരുക്കി നടത്തുന്ന വാഹന പരിശോധന
മാള: ലോക്ക്ഡൗൺ നടപ്പാക്കുന്നതിനാൽ മാള പൊലീസും കർശന പരിശോധന തുടരുകയാണ്. ജോലി ചെയ്യുന്ന പൊലീസുകാർക്ക് മാത്രമല്ല പരിശോധനയ്ക്ക് വിധേയരാവുന്നവർക്കും തണലൊരുക്കിയിരിക്കുകയാണ് മാളയിൽ. ടൗണിൽ എത്തുമ്പോൾ പരിശോധനയ്ക്ക് വിധേയരാവുന്നവർക്ക് കടുത്ത വെയിലിൽ നിൽക്കേണ്ടിവരില്ല. ഇവിടെ വാഹന പരിശോധനയ്ക്ക് വേണ്ടി റോഡ് മുഴുവൻ പന്തൽ വിരിച്ചിരിക്കുകയാണ്. രേഖകൾ പരിശോധിക്കുന്ന സമയമത്രയും പൊലീസുകാർക്കൊപ്പം യാത്രക്കാരും വെയിലത്ത് നിൽക്കേണ്ട അവസ്ഥയുണ്ടായിരുന്നു. ഇരുചക്ര വാഹന യാത്രക്കാർക്കാണ് പന്തൽ സൗകര്യം ഗുണകരമായത്. പരിശോധനയുടെ ആദ്യ ദിവസങ്ങളിൽ തണൽ നോക്കിയാണ് പൊലീസ് നിന്നിരുന്നത്. പിന്നീട് കുടയുമായി നിന്നാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസമാണ് റോഡിന് കുറുകെ പന്തൽ ഒരുക്കിയത്. റോഡ് പകുതിയിലധികം അടച്ചാണ് ഇപ്പോൾ വാഹന പരിശോധന നടത്തുന്നത്.