തൃശൂർ: കേന്ദ്ര ആയുഷ് വകുപ്പിന്റെ നിർദ്ദേശാനുസരണം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായുള്ള മരുന്നുമായി ഹോമിയോ വകുപ്പ്. ഇതിന്റെ ഭാഗമായി ജില്ലയിലെ പൊലീസ് സേനാ വിഭാഗത്തിനും എക്‌സൈസ് വകുപ്പിനും ജയിൽ വകുപ്പ് ഉദ്യോഗസ്ഥർക്കും വിവിധ റസിഡന്റ്സ് അസോസിയേഷനുകൾക്കും മരുന്ന് വിതരണം നടത്തി. വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിൽ നിന്നും സൗജന്യമായി മരുന്ന് ലഭ്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഡി. സുലേഖ അറിയിച്ചു.
ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ഹോമിയോ, ആയുർവേദ മെഡിക്കൽ ഓഫീസർമാരും ഹെൽത്ത് ഇൻസ്‌പെക്ടർമാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പ് സന്ദർശിക്കുകയും ഹോമിയോപ്പതി മരുന്ന് വിതരണം നടത്തുകയും ചെയ്തു. ജില്ലയിലെ വിവിധ മേഖലകളിലായി 450ഓളം ക്യാമ്പുകൾ ഇതിനകം സന്ദർശിച്ചു.
ഹോമിയോപ്പതി വകുപ്പിന്റെ പുനർജനി ലഹരി വിമുക്ത ചികിത്സാകേന്ദ്രവും എക്‌സൈസ് വകുപ്പിന്റെ വിമുക്തിയും സംയുക്തമായി മദ്യം നിറുത്താൻ നിർബന്ധിതരായവരിലെ മാനസിക ശാരീരിക പ്രശ്‌നങ്ങൾക്കും ബന്ധപ്പെട്ട പിൻമാറ്റ ലക്ഷണങ്ങൾ ഉളളവർക്കുമായി ചികിത്സയ്ക്കും കൗൺസിലിംഗിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പൂത്തോളിലുളള ജില്ലാ ഹോമിയോ ആശുപത്രിയിൽ ഞായർ ഒഴികെ എല്ലാ ദിവസവും ഒ.പി പ്രവർത്തിക്കുമെന്നും ആവശ്യമെങ്കിൽ ടെലി കൗൺസലിംഗും ചികിത്സയും ലഭ്യമാക്കുമെന്നും ഹോമിയോപ്പതി ഡി.എം.ഒ അറിയിച്ചു. ഫോൺ: 0487- 2389060.