തൃശൂർ: കൊവിഡ് കാലത്തിനിടയിലും സപ്ലൈകോ സംഭരിച്ച നെല്ല് 39,757 ടൺ. ജില്ലയിലെ ആറ് താലൂക്കുകളിലായി സംഭരിച്ച നെല്ലിൻ്റെ മൂല്യം 107 കോടിയാണ്. ജില്ലയിൽ രജിസ്റ്റർ ചെയ്ത 42, 225 കർഷകരിൽ നിന്നാണ് കഴിഞ്ഞ മൂന്ന് വരെ ഇത്രയും നെല്ല് സംഭരിച്ചത്. കൊയ്ത്ത് നടക്കുന്ന സമയത്ത് തന്നെ മില്ലുകൾ അനുവദിച്ച് കിട്ടിയതിനാൽ നെല്ല് കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ടായില്ല. എറണാകുളം ജില്ലയിലെ കാലടി മേഖലയിലുൾപ്പെടെയുള്ള 36 മില്ലുകളാണ് സജീവമായി സംഭരണം നടത്തുന്നത്.
ഗുണനിലവാരം വേണം
നെല്ലിൽ ഉണ്ടാകുന്ന ജൈവമായതും അജൈവമായതുമായ ബാഹ്യ വസ്തുക്കൾ ഒരു ശതമാനത്തിൽ ഒതുങ്ങണം. കേടായതോ മുളച്ചതോ ആയ നെല്ല് നാല് ശതമാനമേ അനുവദിക്കൂ. നിറം മാറിയത് ഒന്നും പാകമാകാത്തത് മൂന്നും താഴ്ന്ന ഇനങ്ങളുടെ കലർപ്പ് ആറും ഈർപ്പം 17 ഉം ശതമാനം മാത്രമാണ് പരമാവധി അനുവദിക്കുന്നത്.
....................
ലഭിക്കുന്നത് മികച്ച സംഭരണ വില
കേന്ദ്ര സർക്കാർ വിഹിതം കിലോക്ക് 18.15 രൂപ
സംസ്ഥാന സർക്കാർ വിഹിതം 8.80
......
കർഷകന് ലഭിക്കുന്നത് കിലോയ്ക്ക് 26.95
സ്വകാര്യ മില്ലുകൾ നൽകുന്നത് 19 രൂപ
................
പാഡി രശീത് സ്റ്റേറ്റ്മെൻ്റ്
( പി.ആർ.എസ്)
അതത് ബാങ്കുകളിൽ നൽകിയാൽ രണ്ടാം ദിനം കർഷകൻ്റെ അക്കൗണ്ടിലേക്ക് മുഴുവൻ തുകയും വരും. ഈ പ്രക്രിയ നടന്നു കൊണ്ടിരിക്കുന്നു.
ബാങ്കുകൾ കർഷകർക്ക് പി.ആർ.എസ് പദ്ധതി പ്രകാരം വായ്പയായി നൽകുന്ന തുക സപ്ലൈകോ പലിശ സഹിതം തിരിച്ചടയ്ക്കുന്ന രീതിയാണ് നിലവിലുള്ളത്.