എരുമപ്പെട്ടി: ക്വാറന്റൈൻ ലംഘിക്കുന്നതിനെ കുറിച്ച് അന്വേഷിക്കുവാനെത്തിയ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറോട് മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെതിരെ പൊലീസ് കേസെടുത്തു. നിരീക്ഷണത്തിൽ കഴിയുന്ന കുണ്ടന്നൂർ തൃക്കണപതിയാരം പുഴങ്കര വീട്ടിൽ പ്രമോദിനെതിരെയാണ് വടക്കാഞ്ചേരി പൊലീസ് കേസെടുത്തത്. എരുമപ്പെട്ടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജെ.എച്ച്.ഐ സുബിമോളുടെ പരാതിയിലാണ് നടപടി. ഡൽഹിയിൽ നിന്നെത്തിയ ഇയാളോട് ക്വാറന്റൈനിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഇത് ലംഘിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ സുബിമോളെ പരസ്യമായി വഴക്ക് പറഞ്ഞ് അപമാനിച്ചുവെന്ന് പറയുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയുടെ കൃത്യനിർവഹണം തടസപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കുക, മന:പൂർവം ക്വാറന്റൈൻ- ലോക്ക് ഡൗൺ ലംഘിക്കുക എന്നീ പ്രവൃത്തികൾക്കെതിരെയാണ് കേസ്..