തൃശൂർ : മൈക്രോഗ്രീൻ കൃഷി രീതിക്ക് ലോക്ക് ഡൗൺ കാലത്ത് വൻ പ്രചാരം. ഇതുസംബന്ധിച്ച ഹരിതകേരളം മിഷൻ തയ്യാറാക്കിയ വീഡിയോയും അനിമേഷനും സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായി. ഹരിതകേരളം മിഷന്റെ ഫേസ് ബുക്കിൽ വീഡിയോയും അനിമേഷനും ലഭ്യമാണ്.
മൈക്രോ ഗ്രീൻ കൃഷിക്ക് ചെറുപയർ, വൻപയർ, ചീര, കടല, ഉഴുന്ന്, മുതിര തുടങ്ങി വിവിധ പയർ ഇനങ്ങളും നെല്ല്, ഗോതമ്പ്, ചോളം, കൂവരക് തുടങ്ങിയ ധാന്യങ്ങളും ചീര, മത്തൻ, മല്ലി, ചോളം, തിന, ഉലുവ, കടുക് ഇവയെല്ലാം ഉൾപ്പെടെ അനേകം സസ്യങ്ങളുടെ വിത്തുകൾ ഉപയോഗിക്കാം.

വിത്തുകൾ ഒരു രാത്രി കുതിർത്ത ശേഷം നേരിട്ടോ അല്ലെങ്കിൽ നനഞ്ഞ തുണിയിൽ പൊതിഞ്ഞു വച്ചു മുള വന്നതിന് ശേഷമോ മാറ്റി നടാം. വിത്തുകൾ നടുന്നതിന് ഒരു ചെറിയ ട്രേയിൽ മണ്ണോ ചകിരിച്ചോറോ നിരത്തണം. ഇവയില്ലെങ്കിൽ ട്രേയുടെ അടിഭാഗത്ത് വൃത്തിയുള്ള കോട്ടൺ തുണി നാലായി മടക്കി വച്ചാലും മതിയാകും. ഇങ്ങനെ തയ്യാറാക്കുന്ന പ്രതലത്തിലേയ്ക്ക് കുതിർത്ത വിത്തുകൾ അല്ലെങ്കിൽ മുളകൾ മാറ്റി പാകണം.

പ്രതലത്തിൽ വെള്ളം കെട്ടി നിൽക്കാത്ത രീതിയിൽ ആവശ്യത്തിന് മാത്രം നനച്ച് കൊടുത്താൽ മതി. മുളകൾ വളർന്ന് ബീജപത്രത്തിന് മുകളിൽ ആദ്യത്തെ രണ്ടിലകൾ മുളച്ചു വരുന്ന ഘട്ടത്തിൽ മുളകൾ വേരോട് കൂടിയോ അല്ലെങ്കിൽ വേരിനു മുകളിൽ ഉള്ള ഭാഗം മാത്രം മുറിച്ചോ വിളവെടുക്കാം.