മറ്റത്തൂർ: മറ്റത്തൂർ പഞ്ചായത്തിൽ കാട്ടാനയിറങ്ങുന്ന മലയോര ഗ്രാമങ്ങളായ പോത്തൻചിറ, ചൊക്കന, നായാട്ടുകുണ്ട് എന്നീ ഗ്രാമങ്ങളിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് സന്ദർശിച്ചു. കാട്ടാനകളെ ഉൾക്കാടുകളിലേക്ക് ഓടിക്കാൻ വേണ്ടി വനം വകുപ്പ് ചാലക്കുടി ഡിവിഷൻ കൊണ്ടുവന്നിട്ടുള്ള മിനി ഫോറസ്റ്റ് ഫയർ റെസ്‌പോണ്ടർ എന്ന വണ്ടിയുടെ പ്രവർത്തനവും മന്ത്രി പരിശോധിച്ചു.
450 ലിറ്റർ വെള്ളവുമായി ഉൾക്കാടുകളിലേക്കും അത്യാവശ്യം ഓടിയെത്താൻ കഴിവുള്ള ഈ വാഹനത്തിൽ ഘടിപ്പിച്ചിട്ടുള്ള പ്രത്യേക ശബ്ദങ്ങളുള്ള ഹോൺ അടിച്ചാൽ കാട്ടാനകൾ ഉൾക്കാടുകളിലേക്ക് രക്ഷപ്പെടും. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രൻ, വെള്ളിക്കുളങ്ങര ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ എ. വിജിൻദേവ്, വാർഡ് അംഗം ജോയ് കാവുങ്ങൽ, ഫോറസ്റ്റ് ജീവനക്കാർ എന്നിവരും ഒപ്പമുണ്ടായി.
തുടർന്ന് കോടാലി ജി.എൽ.പി സ്‌കൂളിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കള സന്ദർശിച്ച മന്ത്രി വെള്ളിക്കുളങ്ങര സർവീസ് സഹകരണ ബാങ്ക് അടുക്കളയിലേക്ക് നൽകിയ പച്ചക്കറികൾ പ്രസിഡന്റ് പി.കെ. കൃഷ്ണൻകുട്ടിയിൽ നിന്നും ഏറ്റുവാങ്ങി.