manalur

താറാവ് തൊഴിലാളികൾ മണലൂർ താളം കോൾപടവ് കമ്മിറ്റി താമസസൗകര്യം നൽകിയ കെട്ടിടത്തിൽ

കാഞ്ഞാണി: മണലൂർ കോൾപടവിൽ താറാവുകളെ തീറ്റാൻ തമിഴ്‌നാട്ടിൽ നിന്ന് വന്ന തൊഴിലാളികൾക്ക് താമസ സൗകര്യമായി.

ഇവർക്ക് കൊവിഡ്- 19 മഹാമാരിയുടെ സമയത്ത് സുരക്ഷാ ഭീഷണിയുണ്ടെന്നും താമസ സൗകര്യമടക്കമില്ലെന്നും സംബന്ധിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. വാർത്തയെ തുടർന്ന് കോൾപടവ് കമ്മിറ്റിയാണ് ഇവർക്ക് താമസസൗകര്യമൊരുക്കിയത്.

കഴിഞ്ഞ ദിവസം സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് ഷെഡ് കെട്ടി പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പടെ താമസം തുടങ്ങിയിരുന്നു. എന്നാൽ സ്ഥലം ഉടമയുടെ അനുവാദം ഇല്ലാതെയാണ് താമസം തുടങ്ങിയതെന്ന് പറഞ്ഞ് ഉടമ ഇവരെ ഒഴിപ്പിക്കുകയായിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ജന്മനാട്ടിലേക്ക് പോകാൻ കഴിയാതെ എന്തുചെയ്യണമെന്നാറിയാത്ത അവസ്ഥയിലായിരുന്നു ഈ തൊഴിലാളികൾ.

തൃശൂർ മുക്കാട്ടാക്കരയിലെ വിൻസെന്റ് എന്ന കർഷകനാണ് മണലൂർ കോൾപടവ് എല്ലാക്കൊല്ലവും ലേലത്തിന് ഇടുത്ത് സ്വന്തം താറാവുകളെ തീറ്റാൻ താറാവുതൊഴിലാളികളെ കൊണ്ടുവരുന്നത്. ഇത്തവണ പതിവുപോലെ കൊണ്ടുവന്നതാണെങ്കിലും കൊവിഡ്19 പ്രതിരോധ സുരക്ഷാ ഭീഷണിമുലം താമസസൗകര്യം നൽകാൻ ആരും തയ്യാറായില്ല. സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് നിന്ന് ഇറക്കിവിട്ടതിനെ തുടർന്ന് കോൾപടവിൽ പൊരുവെയിലത്ത് ഷെഡുകെട്ടി താമസം തുടങ്ങിയിരുന്ന ഇവരെ കുറിച്ചുള്ള കേരളകൗമുദി വാർത്ത ശ്രദ്ധയിൽപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് വിജി ശശി കോൾപടവ് പാടശേഖരകമ്മിറ്റി ഭാരവാഹികളുമായി ചർച്ച നടത്തി. തുടർന്നാണ് കോൾപടവിൽ ബണ്ടിനോട് ചേർന്നുള്ള കെട്ടിടത്തിൽ താമസസൗകര്യമൊരുക്കിയത്. ഇവർ സുരക്ഷിതരാണോ എന്ന് മണലൂർ കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വിമൽകുമാർ, വാസുദേവൻ എന്നിവർ സ്ഥലം പരിശോധിച്ച് നിർദ്ദേശങ്ങൾ നൽകി.

..................
ഇവർക്ക് താമസസൗകര്യമൊരുക്കി കൊടുക്കേണ്ടത് ഇവരെ കൊണ്ടുവന്ന ആളാണ്. ഇപ്പോൾ പാടശേഖര കമ്മിറ്റി കുട്ടികൾക്കും സ്ത്രീകൾക്കും താമസസൗകര്യം ഒരുക്കി നൽകിയിട്ടുണ്ട്.
- എം. ആർ മോഹനൻ (മണലൂർ താഴം പടവ് കമ്മിറ്റി പ്രസിഡന്റ്)

................

താറാവ് തൊഴിലാളികളുടെ ഇപ്പോഴത്തെ താമസസ്ഥലത്ത് പരിശോധന നടത്തി. കൊവിഡ് -19 പ്രതിരോധ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

- വിമൽകുമാർ (ഹെൽത്ത് ഇൻസ്‌പെക്ടർ)