kuduma-sree-hotal

എടത്തിരുത്തി പഞ്ചായത്തിൽ ഗവ. എൽ.പി സ്‌കൂളിനടുത്ത് 20 രൂപക്ക് ചോറ് നൽകുന്നതിനായി പ്രവർത്തനം ആരംഭിച്ച കുടുംബശ്രീ ഹോട്ടലിലെ ആദ്യ വിൽപ്പന പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് നിർവഹിക്കുന്നു

കയ്പമംഗലം: ലോക്ക് ഡൗണിൽ വിശപ്പകറ്റാൻ കമ്മ്യൂണിറ്റി കിച്ചനുകളുമായി എടത്തിരുത്തി പഞ്ചായത്ത്. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ കമ്യൂണിറ്റി കിച്ചൻ ആരംഭിക്കാൻ സർക്കാർ നിർദേശം വന്നയുടൻ ചെന്ത്രാപ്പിന്നിയിലെ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങിയിരുന്നു. ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്‌കൂളിലാണ് കമ്യൂണിറ്റി കിച്ചൻ ആരംഭിച്ചത്. അതിഥി തൊഴിലാളികൾക്ക് ഉൾപ്പെടെ ഏഴുനൂറോളം പേർക്ക് ചോറും കറികളും തയ്യാറാക്കി പാർസലാക്കി എല്ലാവരുടെയും വീടുകളിലെത്തിക്കുന്നു. അതിഥി തൊഴിലാളികളുടെ എണ്ണം വർദ്ധിച്ചതോടെ അവരുടെ അഭിരുചിക്കനുസരിച്ച് ഭക്ഷണം തയ്യാറാക്കാൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ കാളിക്കുട്ടി സാംസ്‌കാരിക നിലയത്തിൽ മറ്റൊരു പ്രത്യേക കിച്ചൻ ആരംഭിച്ചു. ഇവരുടെ അഭിരുചിക്കായി ബംഗാളിൽ നിന്നും പണിക്കായി വന്ന രണ്ട് പേരെ പാചകത്തിനായി ഉൾപെടുത്തി. പിന്നീട് ലോഡ്ജുകളിലും മറ്റും താമസിക്കുന്നവർക്കായി 20 രൂപക്ക് ഭക്ഷണം നൽകുന്നതിന് കുടുംബശീയുടെ ജനകീയ ഹോട്ടൽ ആരംഭിച്ചു. ചെന്ത്രാപ്പിന്നി ഗവ.എൽ.പി സ്‌കൂളിനടുത്തുള്ള സാന്ത്വനം ഭിന്നശേഷി കുടുംബശ്രീ ഗ്രൂപ്പ് ചോറ് ഉണ്ടാക്കി പാർസലാക്കി നൽകുകയും ചെയ്യുന്നു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ഗീത മോഹൻദാസ്, കുടുംബശ്രീ അംഗം സിന്ധു ഷാജി എന്നിവരുടെ നേതൃത്വത്തിൽ അഞ്ച് വനിതകളാണ് ജനകീയ ഹോട്ടൽ നടത്തിപ്പ് ചുമതല.
രാവിലെ 9ന് മുമ്പായി ഫോണിൽ വിളിച്ച് അറിയിക്കുന്നവർക്ക് ചോറ് തയ്യാറാക്കി പാർസലാക്കി വെക്കും. രാവിലെ 11 മുതൽ 2 വരെയാണ് ചോറ് വിതരണം.
എടത്തിരുത്തി പഞ്ചായത്തിൽ ഇതോടെ മൂന്ന് കിച്ചനുകൾ പ്രവർത്തന സജ്ജമായി. കുടുംബശ്രീയുടെ നേതൃത്വത്തിൽ മുന്നു കിച്ചനുകൾക്കും എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, സി.ഡി.എസ് ചെയർപേഴ്‌സൻ ഐഷാബി മുഹമ്മദ്, സി.ഡി.എസ് മെമ്പർമാരായ ജമു സുരേഷ്, അംബിക പ്രകാശൻ, നന്ദിനി രാമകൃഷ്ണൻ, കുടുംബശ്രീ അംഗങ്ങളായ സുരാധ, ബീന മധു, ദിലി ജഗദീശൻ, അമുത എന്നിവരാണ് നേതൃത്വം നൽകുന്നത്.