ചാവക്കാട്: ലോക്ക് ഡൗൺ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യാനുള്ള നടപടിക്കൊരുങ്ങി പൊലീസ്. നിലവിൽ വാഹനങ്ങൾ പിടിച്ചെടുക്കുകയും കേസെടുക്കുകയുമാണ് ചെയ്യുന്നത്. ദിവസവും വാഹനങ്ങളിൽ അനാവശ്യമായി ഇറങ്ങുന്നവരുടെ എണ്ണം കൂടുതലായതിനെ തുടർന്നാണ് പൊലീസ് കർശന നടപടിയിലേക്ക് നീങ്ങുന്നതെന്ന് ചാവക്കാട് എസ്.എച്ച്.ഒ: അനിൽകുമാർ ടി. മേപ്പിള്ളി അറിയിച്ചു.
ഇന്നലെ മാത്രം അമ്പതോളം വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. ഇതിൽ അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്തത്. വാഹനം ഓടിച്ചിരുന്നവരുടെ ലൈസൻസും വാഹനത്തിന്റെ രജിസ്‌ട്രേഷനും റദ്ദ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. പത്ത് സ്ഥലത്താണ് പൊലീസ് വാഹനങ്ങൾ പരിശോധിക്കുന്നത്. അതത് സ്ഥലത്ത് നിന്നും വാഹനങ്ങൾ പിടിച്ചെടുത്ത് മിനി ടെമ്പോയിലും മറ്റും സ്റ്റേഷനിൽ എത്തിക്കുകയാണ്.
സ്റ്റേഷൻ എസ്.എച്ച്.ഒ: അനിൽകുമാർ ടി. മേപ്പിള്ളി, ക്രൈംബ്രാഞ്ച് സി.ഐ: ഫൈസൽ എന്നിവരുടെ നേതൃത്വത്തിൽ രാവിലെയും രാത്രിയിലുമായി മുപ്പതോളം പൊലീസുകാരാണ് പരിശോധന നടത്തുന്നത്.