ചേലക്കര: വിഷു വിപണി ലക്ഷ്യം വച്ച് കൃഷിയിറക്കിയ പച്ചക്കറി കർഷകർ ആശങ്കയിൽ. മഹാരോഗത്തെ തടഞ്ഞുനിറുത്താനുള്ള ഏവരുടെയും തീവ്രപരിശ്രമത്തിനിടെ ഉത്പാദിപ്പിക്കുന്ന പച്ചക്കറി ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താനാകുമോ എന്ന ശങ്കയാണ് കർഷകരെ അലട്ടുന്നത്. പാട്ടത്തിന് വരെ സ്ഥലമെടുത്ത് കൃഷി ചെയ്യുന്ന ആയിരക്കണക്കിന് കർഷകർ ചേലക്കര, പഴയന്നൂർ മേഖലയിലുണ്ട്.
വെള്ളരി, പടവലം, പാവൽ എന്നിവയാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. വിളവെടുത്ത പച്ചക്കറി ഉത്പന്നങ്ങൾ അടുത്തുള്ള വി.എഫ്.പി.സി.കെയുടെ വിപണന കേന്ദ്രങ്ങളിൽ എത്തിക്കുകയും അവിടെ നിന്നും ഇതര ജില്ലകളിലേക്കും വിദേശത്തേക്ക് വരെ ഇവിടുത്തെ പച്ചക്കറി കയറ്റിപ്പോകാറുണ്ടായിരുന്നു.
തോട്ടങ്ങളിൽ വിളവെടുക്കാൻ പാകമായി വരുന്നുണ്ട് പച്ചക്കറി. ഇവ എങ്ങനെ വിൽക്കാമെന്ന ആശങ്കയിലാണ് കർഷകരെല്ലാം. ന്യായവിലയ്ക്ക് പച്ചക്കറി ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കഴിഞ്ഞില്ലെങ്കിൽ കൂലി ചെലവിനും വളത്തിനും മരുന്നിനുമായി പതിനായിരങ്ങൾ കടം മേടിച്ച്
ലോക്ക് ഡൗൺ കാലത്തു വരെ പൊരിവെയിലത്തും കഠിനാധ്വാനം ചെയ്യുന്ന കർഷകർക്ക് പ്രാർത്ഥന മാത്രമാണ് മുന്നിലുള്ളത്.