ആരോഗ്യ വകുപ്പ് അധികൃതർ ഗീത ഗോപി എം.എൽ.എക്ക് റിപ്പോർട്ട് കൈമാറുന്നു.
അന്തിക്കാട്: നാട്ടിക നിയോജക മണ്ഡലത്തിലെ ഒൻപത് പഞ്ചായത്തുകൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഗീത ഗോപി എം.എൽ.എ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. കൊവിഡ് 19 ന്റെ ഭീഷണിയെ തുടർന്ന്
അടിയന്തര സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് വലപ്പാട് സി.എച്ച്.സി, നാട്ടിക പി.എച്ച്.സി, തളിക്കുളം കുടുംബാരോഗ്യ കേന്ദ്രം, തൃപ്രയാർ, അന്തിക്കാട്, ആലപ്പാട്, ചേർപ്പ് സി.എച്ച്.സികൾ, പാറളം കുടുംബാരോഗ്യ കേന്ദ്രം, അവിണിശ്ശേരി പി.എച്ച്.സി എന്നിവിടങ്ങളിൽ എം.എൽഎ സന്ദർശനം നടത്തിയത്.
നിലവിൽ നിരീക്ഷണത്തിലുള്ളവരുടേയും സാധാരണ ഒപി, ഐപി എന്നിവയെക്കുറിച്ചും അവലോകനം നടത്തി. ആശുപത്രികളിലെ ഡോക്ടർമാർ, നഴ്‌സ്മാർ, ഫാർമസിസ്റ്റുകൾ, മറ്റു ജീവനക്കാർ എന്നിവരെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു. സാനിറ്റേഷൻ, മാസ്‌ക്, മരുന്നുകൾ, സ്റ്റാഫ്, കുടിവെള്ളം, ആംബുലൻസ് എന്നിവയുടെ പോരായ്മകളും മറ്റു സാങ്കേതിക പ്രവർത്തനങ്ങളുടെ റിപ്പോർട്ടും അതത് സൂപ്രണ്ട് മാർ, മെഡിക്കൽ ഓഫീസർ എന്നിവർ എം.എൽ.എയ്ക്ക് കൈമാറി. രോഗികളെ പരിചരിക്കുന്നതോടൊപ്പം സ്വന്തം സുരക്ഷയും നിർബന്ധമായും ശ്രദ്ധിക്കണമെന്നും ആരോഗ്യ പ്രവർത്തകരെ എം.എൽ.എ ഓർമ്മപ്പെടുത്തി. വിവിധ പ്രദേശങ്ങളിലെ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷന്മാർ, പഞ്ചായത്ത് മെമ്പർമാർ, ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ എന്നിവരും എം.എൽ.എയുടെ സന്ദർശന സമയത്ത് എത്തിയിരുന്നു.