ചാവക്കാട്: ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ ഇരിക്കുന്നവർക്ക് കൃഷി ചെയ്യാൻ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സഞ്ജീവനി പദ്ധതി പ്രകാരം ചാവക്കാട് പ്രദേശത്തെ രണ്ടു മുനിസിപ്പാലിറ്റികളിലും, അഞ്ചു പഞ്ചായത്തുകളിലും 36,900 പാക്കറ്റ് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.
തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ കീഴിലുള്ള സന്നദ്ധ പ്രവർത്തകർ മുഖേന ഇവ കർഷകരുടെ വീടുകളിൽ എത്തിക്കും. ചാവക്കാട് മുനിസിപ്പാലിറ്റി, കടപ്പുറം, ഒരുമനയൂർ, പുന്നയൂർ, വടക്കേക്കാട്, പുന്നയൂർക്കുളം പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ 5000 വിത്ത് പാക്കറ്റ് ആണ് നൽകിയത്.
ഗുരുവായൂർ മുനിസിപ്പാലിറ്റിക്ക് 6900 വിത്ത് പാക്കറ്റ് നൽകി. വെജിറ്റബിൾ ആൻഡ് ഫ്രൂട്‌സ് പ്രൊമോഷൻ കൗൺസിൽ (വി.എഫ്.പി.സി.കെ) തയ്യാറാക്കിയ ഓരോ പാക്കറ്റിലും അരുൺ ഇനം ചുവന്ന ചീര, അനശ്വര ഇനം പയർ എന്നിവയാണുള്ളതെന്ന് ചാവക്കാട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി.പി. ബൈജു അറിയിച്ചു.