തൃശൂർ : കുന്നംകുളത്ത് പ്രചരിക്കുന്ന അപൂർവ ജീവിയെക്കുറിച്ചുളള വാർത്തകൾക്ക് അടിസ്ഥാനമില്ലെന്ന് സിറ്റി പൊലീസ് അറിയിച്ചു. ജീവിയുടെ പേരു പറഞ്ഞ് ജനങ്ങൾ കൂട്ടം കൂടുന്നതും അകാരണമായി വീടു വിട്ടിറങ്ങി സഞ്ചരിക്കുന്നതും നിയമവിരുദ്ധമാണെന്നും ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. ഈ വാർത്തകളെ അടിസ്ഥാനമാക്കി ചലഞ്ചുകളോ ഗെയിമുകളോ സംഘടിപ്പിക്കുന്നവർക്ക് നടപടികളെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ വാർത്താക്കുറിപ്പിൽ പറഞ്ഞു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ആളുകൾ വീടുകൾക്കുളളിൽ കഴിയുന്നതിനാൽ രാത്രികാലങ്ങളിലുണ്ടാവുന്ന നിശ്ബദതയും ഇരുളും ആരോ ഒരാളിലുണ്ടാക്കിയ മായക്കാഴ്ചയും വിഭ്രമവുമാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലെന്ന് മാനസിക വിദഗ്ധർ അഭിപ്രായപ്പെടുന്നതായി വാർത്താക്കുറിപ്പിൽ പറയുന്നു. സൈബർ സെൽ നിരീക്ഷിക്കുന്നുണ്ട്. വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടിയുണ്ടാവും.