ചാലക്കുടി: അശരണർക്കും തെരുവിന്റെ മക്കൾക്കും അത്താണിയായി നഗരസഭയുടെ സമൂഹ അടുക്കള. രണ്ടുനേരം അറനൂറോളം ഭക്ഷണപ്പൊതികൾ ഇന്ത്യൻ കോഫി ഹൗസിൽ പ്രത്യേകം ഒരുക്കിയ കലവറയിൽ നിന്നും വളണ്ടിയർമാർ അർഹരായവരുടെ കരങ്ങളിൽ എത്തിക്കുന്നു. പൊതു നിരത്തിൽ മാറ്റിപ്പാർപ്പിച്ച അശരണരും വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്നവരുമായ നിരവധി പേരുടെ വയറുകളാണ് നഗരസഭയുടെ സേവനം കൊണ്ട് നിറയുന്നത്. ഇതിൽ 350 ഓളം പേർ അന്യസംസ്ഥാന തൊഴിലാളികളും.
വാർഡുകളിൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാർ കിലോ മീറ്ററുകളോളം ഇരു ചക്ര വാഹനം ഓടിച്ച് ഭക്ഷണപ്പൊതികൾ അതതിടങ്ങളിൽ എത്തിക്കും. നിശ്ചിത സമയം കഴിഞ്ഞിട്ടും ഏതെങ്കിലും ആളുകൾക്ക് ഭക്ഷണം ലഭിച്ചില്ലെങ്കിൽ ഉടൻ പ്രശ്‌നം പരിഹരിക്കുന്നതിനും പ്രത്യേക സംവിധാനമുണ്ട്. സമൂഹ അടുക്കളയിലേക്ക് ഇതിനകം തനതു ഫണ്ടിൽ നിന്നും അരലക്ഷത്തോളം രൂപ ചെലവഴിച്ചു.
ഭക്ഷണ സാമഗ്രികൾ സർവീസ് സഹകരണ ബാങ്കുകളും സന്നദ്ധ സംഘടനകളും എത്തിക്കുന്നു. ഭക്ഷണ രുചിക്കൂട്ടിനായി ഒന്നാന്തരം നളന്മാർ, സഹായിക്കാൻ കുടുംബശ്രീ പ്രവർത്തകരും. നഗരത്തിലെ നിരവധി സംഘടനകളാണ് നഗരസഭയുടെ അടുക്കളയെ സഹായിക്കാൻ മുന്നോട്ടു വരുന്നതെന്ന് ദൗത്യത്തിന് ചുക്കാൻ പിടിക്കുന്ന ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപമ്പിൽ എന്നിവർ പറഞ്ഞു.
കോവിഡിനെ ചെറുക്കാൻ സർക്കാർ നിർദ്ദേശിച്ച ഈ സംരംഭം ആരംഭിച്ചതോടെ നഗരത്തിൽ വിശന്നിരിക്കുന്ന ഒരാളു പോലുമില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടി. സെക്രട്ടറി എം.എസ്. ആകാശ്, ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷരായ ബിജി സദാനന്ദൻ, പി.എം. ശ്രീധരൻ, ഹെൽത്ത് സൂപ്രണ്ട് ബാലസുബ്രഹ്മണ്യൻ, റവന്യൂ വിഭാഗം ഉദ്യോഗസ്ഥൻ ജയപ്രകാശ്, പുരുഷോത്തമൻ എന്നിവരും സമൂഹ അടുക്കളയുടെ നേതൃത്വ നിരയിലുണ്ട്. കൗൺസിലർമാരായ വി.സി. ഗണേശൻ, ശശി കോട്ടായി, ഷിബു വാലപ്പൻ പൊതു പ്രവർത്തകരായ അഡ്വ. കെ.ബി. സുനിൽകുമാർ, യു.എസ്. അജയകുമാർ തുടങ്ങി ഏതാനും പേരുടെ സഹായ ഹസ്തവും സംരംഭത്തിന് കൈത്താങ്ങാവുന്നു.