ചാവക്കാട്: തിരുവത്രയിൽ ലോക്ക് ഡൗൺ ലംഘിച്ച് പള്ളിയിൽ നമസ്‌കാരത്തിനെത്തിയ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവത്ര സെയ്ഫുള്ള റോഡിൽ പുഞ്ചപ്പാടത്തിന് സമീപമുള്ള മസ്ജിദുൽ സ്വബാഹ പള്ളിയിൽ കഴിഞ്ഞ ദിവസം മഗ്‌രിബ് നമസ്‌കാരത്തിന് കൂട്ടമായെത്തിയവരെയാണ് ചാവക്കാട് എസ്.ഐ യു.കെ ഷാജഹാന്റെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കൊവിഡ് 19 ഭീതി നിലനിൽക്കുന്നതിനാൽ ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുവരാതെ ജാമ്യത്തിൽ വിട്ടു.

ആളുകൾ കൂടാനുള്ള സാഹചര്യം ഒരുക്കിയതിന് പള്ളി കമ്മിറ്റിക്കെതിരെയും കേസെടുത്തു. സംഭവത്തെ തുടർന്ന് പൊലീസ് പള്ളി അടപ്പിച്ചു. വിശ്വാസികൾ മസ്ജിദിൽ ഒത്തു കൂടിയ സംഭവത്തിൽ കമ്മിറ്റിക്ക് ബന്ധമില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. നമസ്‌ക്കാരത്തിനെത്തിയ ബാക്കിയുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. മേഖലയിൽ ഉൾപ്രദേശങ്ങളിൽ മിക്ക പള്ളികളിലും ആരും അറിയാതെ നമസ്‌ക്കാരം നടക്കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്. ഇതോടെ പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തി.