ചാലക്കുടി: നാട്ടിലെ തെരുവ് നായ്ക്കൾക്ക് ഇതെന്തുപറ്റി, കൊവിഡ് 19നെ ഭയന്ന് ഒളിച്ചോടിയോ. അതോ ഭക്ഷണം തേടി മറ്റിടങ്ങളിലേയ്ക്ക് പലായനം ചെയ്‌തോ. ഇക്കാലമത്രയും നാട്ടിലും ഗ്രാമങ്ങളിലുമെല്ലാം തെരുവ് നായകളുടെ ശല്യമായിരുന്നു. കൂട്ടം കൂടി അലയുന്ന ഇവയെ മറികടന്ന് ആളുകൾക്ക് നടന്നു നീങ്ങാനും ഭയമായിരുന്നു.
പലയിടത്തും നായകൾ ആളുകളെ കടിക്കുന്നതും വാർത്തയായിരുന്നു. മാംസവും മത്സ്യവും വിപണനം ചെയ്യുന്ന സ്റ്റാളുകൾ നായ്ക്കളുടെ വിഹാര കേന്ദ്രമായി. ബസ് സ്റ്റാൻഡിലും മാർക്കറ്റ് റോഡിലും നായ് സംഘങ്ങളുടെ പരക്കം പാച്ചിൽ യാത്രക്കാരെ ഭയവിഹ്വലരാക്കി. മുന്നൂറോളം നായകൾ നഗരസഭയുടെ വിവിധയിടങ്ങളിൽ അലഞ്ഞു തിരിഞ്ഞിരുന്നു. എന്നാലിപ്പോൾ ഇവയെല്ലാം എവിടെ പോയെന്ന് ആർക്കുമറിയില്ല. എന്നാൽ തെരുവ് നായകൾക്കും ഭക്ഷണം കൊടുക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന ഒരു സംഘത്തിന് തെരുവ് നായ്ക്കളുടെ പാലായനത്തെക്കുറിച്ച് വ്യക്തമായി അറിയാം.
ചാലക്കുടി നഗരസഭ പരിധിയിൽ ഇത്തരത്തിൽ ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ ഔദ്യോഗിക ചുമതല അസി. രജിസ്ട്രാർ സി. സുരേഷിനാണ്. ഭക്ഷണം തയ്യാറാക്കൽ, വിതരണം ചെയ്യൽ എന്നീ ദൗത്യം പരിയാരം സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയുമാണ് ഏറ്റെടുത്തത്. എന്നാൽ ഈ സംഘം ഉച്ചമുതൽ നഗരത്തിന്റെ മുക്കിലും മൂലയിലും അരിച്ചു പെറുക്കിയാലും ഇരുപത്തിയഞ്ചോളം നായകളെ മാത്രമാണ് കണ്ടെത്തുക. അതും സ്ഥിരക്കാർ. പരിയാരത്തെ കശാപ്പു ശാലകളിൽ നിന്നും ശേഖരിക്കുന്ന അവശിഷ്ടങ്ങൾ വേവിച്ച്, ചോറുമായി കലർത്തിയാണ് സംഘം തെരുവു നായ്ക്കളുടെ മുന്നിൽ വിളമ്പുന്നത്. ഇതിനുള്ള ചോറ് നഗരസഭയുടെ സമൂഹ അടുക്കളയിലും ലഭിക്കും. ബാങ്കിന്റെ വാഹനത്തിൽ സെക്രട്ടറി ഡെന്നി മുണ്ടൻമാണിയുടെ നേതൃത്വത്തിലാണ് ശ്വാനന്മാരുടെ വിശപ്പു ശമിപ്പിക്കാനുള്ള യാത്ര. ഇതൊരു പുണ്യ കർമ്മമായാണ് കരുതുന്നതെന്ന് ഡെന്നി പറഞ്ഞു. ഇതൊക്കെ ആണെങ്കിലും നാടിന്റെ മുക്കിലും മൂലയിലും ആളുകളെ ഭയപ്പെടുത്തി തമ്പടിച്ചിരുന്ന നായസംഘം എവിടെപ്പോയെന്ന് മാത്രം ആർക്കും അറിയില്ല.