തൃശൂർ: ജില്ലയിൽ കൊറോണ സാമൂഹിക വ്യാപനത്തിലേക്ക് കടന്നിട്ടില്ലെങ്കിലും എല്ലാവിധ മുകരുതലുകളും സ്വീകരിച്ചു സർവ സജ്ജമാണ് മെഡിക്കൽ കോളേജ്. മെഡിക്കൽ കോളേജിനെ കൊറോണ ആശുപത്രിയാക്കി മാറ്റിയതോടെ ഒരു ബ്ലോക്കിലെ അഞ്ച് നിലകൾ ഇതിനായി മാറ്റിവെച്ചു. ഡോക്ടർമാർ, നേഴ്‌സുമാർ, അറ്റൻഡർമാർ, ക്‌ളീനിംഗ് ജീവനക്കാർ എന്നിവരെ ദൗത്യത്തിനായി ഒരുക്കി.
ഇവർക്ക് ആവശ്യമായ താമസ സൗകര്യം ഏർപ്പെടുത്തി. ഇവിടെ പ്രവേശിപ്പിച്ചിരുന്ന രോഗികളെ മറ്റിടങ്ങളിലേക്ക് മാറ്റി. നിലവിൽ ഒരു വാർഡിൽ ഏതാനും രോഗികൾ മാത്രമാണുള്ളത്. എന്നാൽ വരും ദിവസങ്ങളിൽ രോഗികളുടെയോ നിരീക്ഷണത്തിൽ ഇരിക്കുന്നവരുടെയോ എണ്ണം വർദ്ധിച്ചാൽ അത് നേരിടാനാണ് ഒരു ബ്ലോക്ക് മുഴുവൻ ഐസൊലേറ്റ് ചെയ്തത്. ഒരു തരത്തിലും ഇവിടെ പ്രവേശിപ്പിച്ചിട്ടുള്ള മറ്റ് രോഗികൾക്ക് വൈറസ് ബാധ ഏൽക്കാതിരിക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. നിലവിൽ ഒ.പി നിറുത്തിയിട്ടില്ലെങ്കിലും അത്യാവശ്യ രോഗികളെ മാത്രമേ പ്രവേശിപ്പിക്കുന്നുള്ളൂ. 371 പേർ മാത്രമാണ് ഇപ്പോൾ കിടപ്പു രോഗികളായുള്ളത്. തീവ്രപരിചരണ വിഭാഗവും സൈക്യാട്രി വിഭാഗവും പ്രവർത്തിക്കുന്നുണ്ട്. ജില്ലാ ജനറൽ ആശുപത്രിയിലും ഒരു ഭാഗം കൊറോണ രോഗികൾക്കായി സജ്ജീകരിച്ചു.
സജ്ജീകരണങ്ങൾ
5 നിലയുള്ള ബ്ലോക്ക്
ഓരോ ബ്‌ളോക്കിലും 50 പേരെ പ്രവേശിപ്പിക്കാം
36 ഐ.സി.യു
ഓപറേഷൻ തിയേറ്റർ 20
ഡോക്ടർമാർ 90
നഴ്‌സുമാർ 140
മറ്റ് ജീവനക്കാർ 180
..............
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒ.പി പ്രവർത്തിക്കുന്നുണ്ടെങ്കിലും അത്യാവശ്യം ഉള്ള രോഗികൾ മാത്രം വന്നു സഹകരിക്കണം. രോഗികളും അവർക്ക് ഒപ്പമുള്ളവരും എത്തിയാൽ നിയന്ത്രിക്കാൻ സാധിക്കില്ല. മറ്റുള്ളവർ താലൂക്ക്, ജില്ലാ ആശുപത്രികളെ സമീപിക്കണം
ഡോ. സി.പി മുരളി
ആർ.എം.ഒ
മെഡിക്കൽ കോളേജ്