puzha
എരുമപ്പെട്ടി പുഴയിൽ വെള്ളമെത്തിയപ്പോൾ)

എരുപ്പെട്ടി: കർഷകർക്ക് ആശ്വാസം നൽകി എരുമപ്പെട്ടി പുഴയിൽ വെള്ളമെത്തി. ഇതോടെ പുഴയ്ക്ക് സമീപ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിനും പരിഹാരമായേക്കും. ഏപ്രിൽ ഒന്നിനാണ് വാഴാനി ഡാമിൽ നിന്ന് വടക്കാഞ്ചേരി കേച്ചേരി പുഴയിലേക്ക് വെള്ളം തുറന്ന് വിട്ടത്. ശനിയാഴ്ച വൈകീട്ടാണ് എരുമപ്പെട്ടി മേഖയിലെ കാഞ്ഞിരക്കോട് മുതൽ വേലൂർ, കടങ്ങോട് പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ വെള്ളം എത്തിയത്.

പുഴയിലെ തടയണകൾ നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയാണ്‌. കേച്ചേരി പാറന്നൂർ ചിറ വരെ വെള്ളം എത്തുന്നതോടെ തിങ്കളാഴ്ച വാഴാനി ഡാമിലെ ഷട്ടർ അടയ്ക്കും. എരുമപ്പെട്ടി പ്രദേശത്തെ തടയണകളിൽ പ്രദേശവാസികൾ മണൽച്ചാക്കുകൾ നിറച്ച് വച്ചിരുന്നത് നീരൊഴുക്ക് തടസപ്പെടുത്തിയിരുന്നു. മറ്റു പഞ്ചായത്തുകളുടെയും കർഷകരുടെയും ആവശ്യപ്രകാരം എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന്റെ നേതൃത്വത്തിൽ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ ഇത് നീക്കം ചെയ്തു.

പുഴയിൽ വെള്ളമെത്തിയത് മേഖലയിലെ കർഷകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. കടുത്ത വേനലിൽ പുഴ നേരത്തെ വറ്റിവരണ്ടതോടെ പുഴവെള്ളത്തെ ആശ്രയിച്ച് കൃഷി ചെയ്യുന്ന നൂറ് കണക്കിന് കർഷകർ പ്രതിസന്ധിയിലായിരുന്നു. ചെങ്ങാലിക്കോടൻ ഉൾപ്പെടെയുള്ള വാഴയും പച്ചക്കറിയും എരുമപ്പെട്ടി വേലൂർ പഞ്ചായത്തുകളിൽ വൻതോതിലാണ് കൃഷി ചെയ്യുന്നത്‌. ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ നാടൻ പച്ചക്കറിക്ക് ആവശ്യക്കാർ കൂടിയതിനാൽ പല കർഷരും വിളവെടുപ്പ് കഴിഞ്ഞയുടൻ വീണ്ടും കൃഷിയിറക്കിയിട്ടുണ്ട്.

വെള്ളം എത്തിയതോടെ പുഴയ്ക്ക് സമീപ പ്രദേശങ്ങളിലെ കിണറുകളിലേക്കും ഉറവയെത്തും. കുടിവെള്ള പദ്ധതികളുടെ കിണറുകളിലും വെള്ളം ലഭിക്കുന്നതോടെ പല പ്രദേശങ്ങളിലേയും കുടിവെള്ള ക്ഷാമത്തിനും പരിഹാരമാകും.