കാഞ്ഞാണി: വീട്ടിലിരുന്ന് മുഷിഞ്ഞ വിദ്യാർത്ഥികൾ കോവിഡ് 19ന് പ്രതിരോധം തീർക്കാൻ ബോധവത്കരണ ഷോർട്ട് ഫിലിം നിർമ്മിച്ച് ശ്രദ്ധേയമാകുന്നു. കണ്ടശ്ശാംകടവ് പടിയം എറവിൽ വീട്ടിൽ രാജിവിന്റെയും പ്രിയ രാജിവിന്റെയും മക്കളായ നവനീതും നിരജുമാണ് കോവിഡ് 19 ബോധവത്കരണ ഷോർട്ട് ഫിലിം നിർമ്മാണത്തിലൂടെ ശ്രദ്ധയാകർഷിക്കുന്നത്.
മൂത്തമകൻ നവനീതിന്റേതാണ് ബോധവത്കരണ ഷോർട്ട് ഫിലിം എന്ന ആശയം. ഇതിലെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നവനീത് തന്നെയാണ്. രണ്ടാമത്തെ മകൻ നീരജ് കാമറ, എഡിറ്റിംഗ് എന്നിവ നിർവ്വഹിച്ചു. തൃശൂർ നിർമ്മല മാതാ സെന്ററൽ സ്‌കുളിലെ പ്ലസ് ടു വിദ്യാർത്ഥികളാണ്. കോവിഡ്19 വൈറസിനെ എങ്ങനെ അതിജീവിക്കാം എന്നത് ഷോർട്ട് ഫിലിം മുഖേന ജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് ലക്ഷ്യമെന്ന് ഇവർ പറയുന്നു.
ഷോർട്ട് ഫിലിമിന് സൈക്കോ സിറ്റിസൺ എന്നാണ് പേരിട്ടിരിക്കുന്നത്. വിവിധ ആശയങ്ങളുമായി 4ഷോർട്ട് ഫിലിം ഇവർ ഇതിനകം ചെയ്തിട്ടുണ്ട്. അബുദാബിയിൽ സംഘടിപ്പിച്ച ഷോർട്ട് ഫിലിംമത്സരത്തിലെ വിജയികളാണ് ഇവർ. വീക്കെൻഡ് സിനിമാസ് എന്ന യൂട്യൂബ് ചാനലും ഇവർക്കുണ്ട്. ഇതിലൂടെയും മറ്റു നവമാദ്ധ്യമങ്ങളിലൂടെയും കോവിഡ് 19 മഹാമാരിക്കെതിരെ ബോധവത്കരണ ഷോർട്ട് ഫിലിം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഷോർട്ട് ഫിലിം നിർമ്മാണത്തിലൂടെ ലക്ഷൃമിടുന്നതെന്ന് സഹോദരങ്ങളായ നവനീതും നീരജും പറഞ്ഞു.