എരുമപ്പെട്ടി: മന്ത്രിയുടെ ഇടപെടൽ ഫലം കണ്ടു. പൊലീസ് പരിശോധന ഊർജിതമാക്കിയതോടെ ബ്ലാക്ക്‌മാൻ അപ്രത്യക്ഷനായി. എരുമപ്പെട്ടി മേഖലയിലിറങ്ങി നാട്ടുകാരെ ഭയപ്പെടുത്തിയിരുന്ന ബ്ലാക്ക്‌മാനെ ശനിയാഴ്ച രാത്രിയിൽ കണ്ടില്ല. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീനോട് എരുമപ്പെട്ടി സ്വദേശിനിയായ വീട്ടമ്മ വിഷയത്തിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് മന്ത്രി പരിശോധന കർശനമാക്കാനും ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങി തെരച്ചിൽ നടത്തുന്നവരെ ഉൾപ്പെടെ പിടികൂടി കേസെടുക്കാനും പൊലീസിന് നിർദേശം നൽകി.
തുടർന്ന് പൊലീസ് ഇറങ്ങിയതോടെ ബ്ലാക്ക്‌മാനെ പിടികൂടാൻ ഇറങ്ങുന്നവർ വീടുകളിൽ ഒതുങ്ങുകയും, അമാനുഷികനാണെന്ന് പ്രചരിപ്പിക്കുന്നന്ന ബ്ലാക്ക്‌മാൻ ഇല്ലാതാവുകയും ചെയ്തു. തെരച്ചിൽ നടത്താൻ നൂറ് കണക്കിനാളുകളാണ് ലോക്ക് ഡൗൺ ലംഘിച്ച് ഇറങ്ങി നടക്കുന്നത്. മേഖലയിൽ പൊലീസ് നിയന്ത്രണം കർശനമാക്കിയതോടെ ബ്ലാക്ക്‌മാനെന്ന പേരിലുള്ള സാമുഹിക വിരുദ്ധരുടെ ശല്യം ഇല്ലാതായി. ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ചില കുബുദ്ധികൾ നടത്തുന്ന സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളാണിതെന്നും മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു.