police

തൃശൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കേണ്ടിയിരുന്ന 89 ലക്ഷം രൂപ ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷന്റെ സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന പ്രേമാനന്ദ കൃഷ്ണന്റെ നടപടി മൂലം സംസ്ഥാനത്തിന് നഷ്ടപ്പെട്ടതായി ഗുരുബാബ പരമ ബ്രഹ്മ പീഠം ട്രസ്റ്റ് അറിയിച്ചു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനായി ആറംഗ ട്രസ്റ്റിന്റെ യോഗം നിശ്ചയിച്ചിരുന്നു. യോഗം കൂടുന്നതിന് അനുവാദം വാങ്ങാനായി ടെമ്പിൾ സ്റ്റേഷനിലെത്തിയ ആശ്രമം ഗുരുപ്രമുഖ് ശശിധരൻ മാസ്റ്റർക്ക് സി.ഐ അനുവാദം കൊടുത്തില്ല. അദ്ദേഹത്തോട് മോശമായി പെരുമാറിയതായും ആരോപണമുണ്ട്. തുടർന്ന് ട്രസ്റ്റിന്റെ യോഗം പിന്നീട് ചേർന്ന് തീരുമാനമെടുക്കാമെന്നും തത്കാലം 88,88,888 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേക്ക് അടയ്ക്കാമെന്നും ട്രസ്റ്റിന്റെ അധിപൻ ഗുരു ബാബ നിർദ്ദേശിച്ചു. ഇതിനായി ബാങ്കിലേക്ക് പോകാൻ തയ്യാറായ സെക്രട്ടറി അരവിന്ദനെ സി.ഐ തടഞ്ഞെന്നും ട്രസ്റ്റ് ഭാരവാഹികൾ പറയുന്നു.

നിങ്ങളുടെ എല്ലാം പേരിൽ കേസ് എടുത്ത് അറസ്റ്റ് ചെയ്യുമെന്നും ഏപ്രിൽ 14 കഴിഞ്ഞ് മതി യോഗവും ദുരിതാശ്വാസ നിധിയിലേക്ക് പണമയയ്ക്കലുമെന്നും സി.ഐ പറഞ്ഞതായി ആശ്രമാധികാരികൾ പറയുന്നു.

ഇതേത്തുടർന്ന് കുമ്മനം രാജശേഖരനുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിലേക്ക് 88,88,888 രൂപ അയയ്ക്കാൻ ട്രസ്റ്റ് തീരുമാനിച്ചു.