കൊടകര: കൊവിഡ് 19ന്റെ വ്യാപനം തടയുന്നതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ അനാവശ്യമായി ലംഘിക്കുന്നത് പൊലീസിന് തലവേദന. ഇതിനകം കൊടകര പൊലീസ് സ്റ്റേഷൻ പരിധിയിൽ 113 കേസുകളാണ് എടുത്തിരിക്കുന്നത്. നാല് കാറുകളും ഒരു ഓട്ടോറിക്ഷയും ഉൾപ്പെടെ നൂറിലധികം വണ്ടികളാണ് പിടിച്ചെടുത്തിട്ടുള്ളത്.
പൊലീസ് സ്റ്റേഷൻ കോമ്പൗണ്ട് ബൈക്കുകളാൽ നിറഞ്ഞു. കോടതി കേസ് വിളിക്കുന്ന മുറയ്ക്ക് ഹാജരാകണമെന്ന നിർദ്ദേശത്തോടെ ഇവർക്ക് നോട്ടീസ് നൽകി തിരിച്ചയക്കുകയാണ് ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ ഉത്തരവ് ലംഘിക്കുന്നതിനായിരുന്നു കേസെടുത്തിരുന്നത്. എന്നാൽ ഇപ്പോൾ രോഗം പരത്തുന്നുവെന്ന സെക്‌ഷനിലും കേസെടുക്കുന്നുണ്ട്. ഇതിന് പിഴ കൂടുതലാണ്. 3000 മുതൽ 10000 രൂപ വരെ പിഴ ലഭിക്കാവുന്ന തരത്തിലാണ് കേസെടുക്കുന്നത്.
ആളൂരിൽ 80 ഓളം വാഹനങ്ങൾ പിടികൂടി. 70 പേർക്കെതിരെ കേസെടുത്തു. വെള്ളിക്കുളങ്ങരയിൽ 2 ഓട്ടോറിക്ഷകൾ ഉൾപ്പെടെ 90 ഓളം വാഹനങ്ങൾ പിടികൂടി. 85 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.