തൃശൂർ: ജില്ലയിൽ വീടുകളിൽ 14,463 പേരും ആശുപത്രികളിൽ 38 പേരും ഉൾപ്പെടെ ആകെ 14,501 പേർ ജില്ലയിൽ നിരീക്ഷണത്തിൽ. ഞായറാഴ്ച 276 പേരോട് പുതുതായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചു. ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് പേരെ വിട്ടു. ഞായറാഴ്ച നാല് സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 812 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 804 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. എട്ട് എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 304 ഫോൺകോൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുള്ളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. ഞായറാഴ്ച 200 പേർക്ക് കൗൺസലിംഗ് നൽകി. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ജാഗ്രത കർശനമായി തുടരുന്നു. നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം കൃത്യമായി പാലിക്കണമെന്നും ഇത് സാമൂഹികപ്രതിബദ്ധതയുടെ ഭാഗമാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ദ്രുത കർമ്മസേനയുടെ നേതൃത്വത്തിലുളള ഗൃഹസന്ദർശനത്തിലൂടെ നിരീക്ഷണത്തിലുളളവർക്ക് നിർദ്ദേശങ്ങളും ബോധവത്കരണവും നൽകി. ഞായറാഴ്ച 4544 വീടുകൾ ദ്രുതകർമ്മസേന സന്ദർശിച്ചു.