caught-snake
ഭീമൻ പുല്ലാനി മൂർഖനെ കുപ്പിയിലാക്കിയ ചാവക്കാട് നഗരസഭ വികസന സ്ഥിരം സമിതി അദ്ധ്യക്ഷനും മൂന്നാം വാർഡ് കൗൺസിലറുമായ കെ.എച്ച്. സലാം

ചാവക്കാട്: നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും ഭീമൻ പുല്ലാനി മൂർഖനെ കുപ്പിയിലാക്കി കൗൺസിലർ വീണ്ടും താരം. ചാവക്കാട് നഗരസഭാ വികസന സ്ഥിരം സമിതി അദ്ധ്യക്ഷനും മൂന്നാം വാർഡ് കൗൺസിലറുമായ കെ.എച്ച്. സലാമാണ് പുല്ലാനി മൂർഖനെ സാഹസികമായി പിടികൂടി കുപ്പിയിലാക്കിയത്.

ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. തിരുവത്ര ഗാന്ധി നഗർ റോഡിലായിരുന്നു സംഭവം. മണത്തല സ്വദേശി മനാഫ് ചാവക്കാട് നഗരസഭ മൂന്നാം വാർഡിൽ നിർമ്മിക്കുന്ന വീട്ടിലെ ടാങ്കിലായിരുന്നു പുല്ലാനി മൂർഖനെ കണ്ടത്. ഉടൻ വിവരം കൗൺസിലറെ അറിയിച്ചു. പാഞ്ഞെത്തിയ കൗൺസിലർ സലാം പുല്ലാനി മൂർഖനെ സാഹസികമായി കയറിൽ കുടുക്കി റോഡിൽ എത്തിച്ചു. തുടർന്ന് വലിയ കുപ്പിയിലാക്കുകയായിരുന്നു.

കഴിഞ്ഞ മാർച്ച് മൂന്നിന് തിരുവത്ര കോട്ടപ്പുറത്ത് മുറിയിൽ കയറിയ എട്ടടി നീളമുള്ള ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടിയിരുന്നു. അന്ന് വീട്ടിലുണ്ടായിരുന്ന അമ്മയെയും മൂന്ന് കുഞ്ഞുമക്കളെയും ഭയപ്പാടിന്റെ മുൾമുനയിൽ നിറുത്തിയത് മണിക്കൂറുകളായിരുന്നു. പിടികൂടിയ പുല്ലാനി മൂർഖനെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറി.