എളവള്ളി: കൊവിഡ് കാലത്ത് വീട്ടിൽ വെറുതെയിരിക്കുകയല്ല, ശിൽപ്പി എളവള്ളി നന്ദൻ. വരിക്കപ്ലാവിൽ മൂന്ന് അടി ഉയരത്തിൽ കൃഷ്ണന്റെ ദാരുശിൽപ്പം നിർമ്മിക്കുകയാണ്. മകൾ നവ്യയെ ദാരുശിൽപ്പകല പഠിപ്പിക്കുകയും ചെയ്യുന്നു. നവ്യക്ക് ദാരുശിൽപ്പ കലയിൽ സ്‌കൂൾതലത്തിൽ രണ്ടുതവണ സംസ്ഥാന തലത്തിൽ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.

പുറത്തുപോയി ജോലി ചെയ്യാൻ സാധിക്കാത്തതിൽ വിഷമം ഉണ്ടെങ്കിലും ലോകം നേരിടുന്ന മഹാവിപത്തിനെ ഒറ്റക്കെട്ടായി നേരിടാൻ എന്തു ത്യാഗവും ചെയ്യു കതന്നെയാണ് ലക്ഷ്യം. അരിയന്നൂർ ഹരികന്യകാ ക്ഷേത്രത്തിലേക്കു വേണ്ട ചില ജോലികൾ വീട്ടിലിരുന്ന് ചെയ്യുന്നുണ്ട്.

2011- 12ൽ ദാരുശിൽപ്പ കലകൾക്ക് കേന്ദ്ര സർക്കാരിന്റെ സീനിയർ ഫെല്ലോഷിപ്പ് ലഭിച്ച നന്ദൻ അന്തരിച്ച പ്രശസ്ത ദാരുശിൽപ്പി എളവള്ളി നാരായണനാചാരിയുടെ മകനാണ്. ഗുരുവായൂർ ക്ഷേത്രം, ശബരിമല ക്ഷേത്രം തുടങ്ങി കേരളത്തിനകത്തും പുറത്തും നിരവധി ദാരുശിൽപ്പങ്ങൾ നിർമ്മിച്ച നന്ദൻ കേരള ലളിതകലാ അക്കാഡമി മുൻ എക്‌സിക്യൂട്ടീവ് അംഗം കൂടിയായിരുന്നു.

മലയാളത്തിന്റെ പ്രിയകഥാകാരൻ എം.ടി. വാസുദേവൻ നായർ പുതിയ തലമുറയുടെ പെരുന്തച്ഛൻ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. ഭാര്യ ശ്വേതയും മകൻ നവീനും എല്ലാവിധ പിന്തുണയം നൽകുന്നു.