ചാലക്കുടി: ആദ്യം അതിവർഷം, പിന്നെ മഹാപ്രളയം, ഇപ്പോഴിതാ കൊവിഡ് 19... ആവർത്തിക്കുന്ന ദുരിതത്തിൽ തകരുകയാണ് പൂലാനിയിലെ പ്രശസ്ത കർഷകൻ പെരിങ്ങാത്ര മോഹനൻ. ഏക്കർ കണക്കിന് കപ്പക്കൃഷിയുടെ ഗതി എന്താകുമെന്നുള്ള ആധിയാണ് ഇപ്പോഴത്തെ പ്രതിസന്ധി.

അധികം മൂപ്പാകുന്നതിന് മുമ്പേ തോട്ടത്തിലെ കപ്പകൾ വലിച്ചു തുടങ്ങി. വില കുറച്ചാണെങ്കിലും ഇതെല്ലാം എത്രയും പെട്ടെന്ന് വിൽപ്പന നടക്കണമെന്നാണ് പ്രാർത്ഥന. കൊവിഡ് ദുരിതത്തിൽ കയറ്റുമതി നിലച്ചതാണ് വെല്ലുവിളിയായത്. കൃഷി വകുപ്പിന്റെ ഹോർട്ടി കോർപ്പ് വിൽപ്പനശാലയാണ് ഏക ആശ്വാസം. ഇരുനൂറോളം കിലോ കപ്പ പ്രതിദിനം ഇവിടെ വിറ്റഴിയുന്നു.

ചാലക്കുടി നഗരത്തിലെ ഏതെങ്കിലും പൊതു സ്ഥലത്ത് കപ്പ വിൽക്കാൻ അധികൃതർ അനുമതി നൽകിയാൽ പൊതു ജനങ്ങൾക്ക് ആദായ നിരക്കിൽ ലഭ്യമാക്കാനാണ് ആലോചന. കോവയ്ക്കയുടെ കാര്യത്തിലും പ്രതിസന്ധി നേരിടുന്നുണ്ട്. പഴുത്ത് തുടങ്ങിയ ഇവ ഈയാഴ്ച പറിച്ചില്ലെങ്ങിൽ നശിച്ചുപോകും.

വിൽപ്പന ശാലയിലാണെങ്കിൽ ആവശ്യക്കാരുമില്ല. കറ്റുമതി തടസമാണ് ഇവിടെയും വില്ലനാകുന്നത്. വിവിധയിനം വാഴകളും നട്ടിട്ടുണ്ട്. ഇവയുടെ അവസ്ഥയും മറിച്ചല്ലെന്ന് മോഹനൻ പറയുന്നു. ബാങ്ക് വായ്പയുടെ തിരിച്ചടവുകളും കൊവിഡ് പ്രതിസന്ധിയിലാണ്. പ്രളയത്തിൽ മോഹനന്റെ അമ്പതു ലക്ഷത്തോളം രൂപയുടെ കാർഷിക വിളകളാണ് ഒലിച്ചുപോയത്.

മോഹനന് മണ്ണിനോടുള്ള പോലെ നാട്ടുകാർക്ക് അദ്ദേഹത്തോടും സ്‌നേഹമുണ്ട്. അതിനാലാണ് ഇതുവരെയുള്ള പ്രതിസന്ധികളെ മറികടക്കാനായത്. എന്നാൽ സ്വപ്നത്തിൽ പോലും നിനയ്ക്കാത്ത കൊവിഡ് കാർഷിക മേഖലയിൽ വരുത്തി വയ്ക്കുന്ന ആഘാതം എന്താകുമെന്ന ആശങ്കയിലാണ് മേലൂരിലെ ഈ പ്രിയ കർഷകൻ.