ചാലക്കുടി: കൊവിഡ് കാലത്ത് വീട്ടിൽ അലങ്കാല ചെടികളാൽ മുറ്റം നിറച്ചിരിക്കുന്നു, കുറ്റിക്കാടുള്ള എം.ഒ വർഗീസ്. തെറാപ്പിസ്റ്റായ ഈ അറുപതുകാരൻ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി വിശ്രമം എന്തെന്ന് അറിഞ്ഞിട്ടില്ലായിരുന്നു. പുലർച്ചെ മുതൽ രാത്രി വരെ നീളുന്ന ജോലിത്തിക്കായിരുന്നു ഇതുവരെ.

എന്നാൽ കൊവിഡ് 19 ലോക്ക് ഡൗൺ വീട്ടിലിരുത്തിയെങ്കിലും മാളിയേക്കൽ വഗീസ് വിശ്രമിക്കാൻ ഒരുക്കമല്ലായിരുന്നു. സർക്കാർ ആഹ്വാനം ചെയ്യുന്നതിന് മുമ്പേ ഇയാളും മകൻ സീയോണും കൈകോർത്ത് മുറ്റത്തും അടുക്കളക്കരികിലും ഉദ്യാനം ഒരുക്കുന്ന ഉദ്യമത്തിലായി. ഭാര്യ മേരിയും സഹായ ഹസ്തവുമായെത്തി. ഉപയോഗമില്ലാതെ കിടക്കുന്ന എല്ലാ വസ്തുക്കളും നിറം പിടിപ്പിച്ച് ചെടികൾക്ക് അത്താണിയാക്കി. ഉരൽ, അമ്മിക്കുഴകൾ, പി.വി.സി പൈപ്പുകൾ എന്നുവേണ്ട സർവത്ര സാമഗ്രികൾക്കും ഇവിടെ ഓരോ ദൗത്യം ഏറ്റെടുക്കേണ്ടി വന്നു.

പൂമുഖത്ത് ഒരുക്കിയ ഉരൽ മരം കൗതുമാണ്. ഉരലിൽ കാപ്പി മരം ഘടിപ്പിച്ച് പെയിന്റ് ചെയ്‌തപ്പോൾ പിറവിയെടുത്തത് അപ്രതീക്ഷിതവും മനോഹരവുമായൊരു രൂപം. ചെലവു കുറഞ്ഞ രീതിയിലാണ് ഇതെല്ലാം ഒരുക്കിയതെന്ന് വർഗീസ് പറഞ്ഞു. നിരവധി ആയുർവേദ സസ്യങ്ങളും പൂന്തോട്ടത്തിൽ ഇടം പിടിച്ചിരിക്കുന്നു. ഇനിയും ഇവയുടെ മോടി കൂട്ടാനാണ് വർഗീസും കുടുംബവും ശ്രമിക്കുന്നത്.