വടക്കാഞ്ചേരി: വിവാഹച്ചടങ്ങുകൾ താലികെട്ട് മാത്രമായി ചുരുക്കി വധൂവരന്മാർ വിവാഹ സത്കാരത്തിനായി കരുതി വച്ച പണം മുഖ്യമന്ത്രിയുടെ കോവിഡ്- 19 ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഓട്ടുപാറ പടിഞ്ഞാറേതിൽ പരേതനായ പി.കെ. അരവിന്ദാക്ഷന്റെയും ഭാര്യ മിനി അരവിന്ദാക്ഷന്റെയും മകളായ ഐശ്വര്യയും, കുട്ടനെല്ലൂർ കിഴക്കുംപുറത്ത് പുഷ്പാകരന്റെയും, പരേതയായ ലീലയുടെയും മകൻ സജിത്തും തമ്മിലുള്ള വിവാഹമാണ് ഇന്നലെ നടന്നത്. മാസങ്ങൾക്ക് മുമ്പ് വിവാഹത്തിനുള്ള ഒരുക്കങ്ങളും, ക്ഷണവും കഴിഞ്ഞിരുന്നു.

ഇതിനിടെയാണ് കൊവിഡ് പടർന്നു പിടിച്ചത്. വിവാഹം നിശ്ചയിച്ച ദിസം തന്നെ നടത്താനായിരുന്നു ഇരുവീട്ടുകാരുടെയും തീരുമാനം എന്നാൽ വിവാഹ സദ്യയും മറ്റ് ആഘോഷങ്ങളെല്ലാം വേണ്ടെന്നു വച്ചു. സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം പാലിച്ചുകൊണ്ട് ചടങ്ങ് താലി കെട്ട് മാത്രമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേകുള്ള തുക സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളിക്ക് കൈമാറി. പി.എൻ. സുരേന്ദ്രൻ പി.എൻ. അനിൽകുമാർ എന്നിവർ പങ്കെടുത്തു.