ചേലക്കര: കൊവിഡ് 19 പിടിപെട്ടെന്ന സംശയത്തെ തുടർന്ന് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഗൃഹനാഥന്റെ പോസ്റ്റുമാർട്ടം ഇന്ന് നടന്നേക്കും. കോവിഡ് 19 ടെസ്റ്റിന്റെ പരിശോധനാ ഫലവും ഇന്ന് ലഭിക്കുമെന്നാണ് സൂചന. ഫലം വന്ന ശേഷമാണ് പോസ്റ്റുമോർട്ടം നടത്തുക.

കൊണ്ടാഴി കൊട്ടേക്കാട്ടിൽ പവിത്രനാണ് (49) വിഷം കഴിച്ചത്. പനിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന ഇദ്ദേഹത്തിന് കൊവിഡ് 19 പിടിപെട്ടിട്ടുണ്ടോ എന്ന ഭയാശങ്കയാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ആത്മഹത്യാ കുറിപ്പിൽ അമ്മയെയും ഭാര്യയെയും മകനെയും നിരീക്ഷണത്തിൽ വയ്ക്കണമെന്നും പറയുന്നുണ്ട്. വെള്ളിയാഴ്ച ഡോക്ടറെ കാണാൻ ആശുപത്രിയിലേക്ക് പോകുകയാണെന്ന് പറഞ്ഞു സ്വന്തം ഓട്ടോയിൽ പോയ പവിത്രൻ തിരികെ എത്താത്തതിനാൽ ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ശനിയാഴ്ച ഉച്ചയോടെ ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിൽ മരിച്ചു കിടക്കുന്നത് കണ്ടത്. ആത്മഹത്യാക്കുറിപ്പിൽ നിന്നുമാണ് കൊവിഡ് ഭീതിയെ തുടർന്ന് വിഷം കഴിച്ച് മരിച്ചതാണെന്ന് സൂചന ലഭിച്ചത്.

ആരോഗ്യ വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് പഴയന്നൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ച് മ്യതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭാര്യ: ഉഷ, മക്കൾ: വൈഷ്ണവ്, സൗപർണ്ണിക. മരുമകൻ: ജയരാജൻ...