കോടാലി: കാട്ടാനകൾ മലയോര ഗ്രാമങ്ങളുടെ ഉറക്കം കെടുത്തുന്നു. ശനിയാഴ്ച രാത്രി രണ്ടരയോടെ പത്തുകുളങ്ങരയിലെ വീട്ടുമതിൽ തകർത്ത് വീടിന് സമീപത്തെ വാഴയും, തെങ്ങും നശിപ്പിച്ചു. കുണ്ടുവായിൽ ഉസ്മാന്റെ സ്‌ളാബ് മതിൽ തകർത്താണ് രണ്ട് ആനകൾ വീട്ടുമുറ്റത്ത് നിന്ന വാഴക്കൂട്ടം നശിപ്പിച്ചത്.
ശബ്ദം കേട്ട വീട്ടുകാർ ടോർച്ചിന്റെ പ്രകാശത്തിൽ 2 ആനകളെ കണ്ട് ഭയന്ന് അയൽപക്കത്തെ വീട്ടിൽ അഭയം തേടി. വീട്ടുകാർ ഒച്ചവച്ചതോടെ സമീപത്തെ വീടുകളിൽ നിന്നെത്തിയവർ ചേർന്ന് ഗുണ്ടു പൊട്ടിച്ച് ആനകളെ ഓടിച്ചപ്പോൾ 4 ആനകൾ ഉണ്ടായിരുന്നുവെന്ന് ഇവർ പറഞ്ഞു. സമീപത്തെ അറക്കൽ ജോർജിന്റെ വീട്ടിലും ആനകളെത്തി നാശനഷ്ടമുണ്ടാക്കി.
കാട്ടാനകളെ ഉൾക്കാട്ടിലോടിക്കാൻ മന്ത്രി സി. രവീന്ദ്രനാഥിന്റെ നിർദ്ദേശപ്രകാരം വനം വകുപ്പ് ചാലക്കുടി ഡിവിഷൻ മലയോര ഗ്രാമങ്ങൾക്കായി ഏർപ്പെടുത്തിയ മിനി ഫോറസ്റ്റ് ഫയർ റെസ്‌പോണ്ടർ എന്ന വണ്ടിയുടെ പ്രവേശനത്തിന് പിന്നാലെയാണ് വീട്ടുമുറ്റത്ത് കയറിയുള്ള കാട്ടാനകളുടെ വെല്ലുവിളിയെന്ന് പ്രദേശവാസികൾ പറഞ്ഞു.