തൃശൂർ : ബിവ്‌റേജസ് ഔട്ട്‌ലെറ്റുകളും അടച്ചുപൂട്ടിയതോടെ വാറ്റിലേക്ക് തിരിഞ്ഞവരെ അരിച്ചുപെറുക്കി എക്‌സൈസ് വകുപ്പ്. മലയോര മേഖല, കായൽ പരിസരങ്ങൾ, ആളൊഴിഞ്ഞ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് വ്യാപകമായ രീതിയിൽ വ്യാജവാറ്റ് നടക്കുന്നത്. ഇതേ തുടർന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ വേഷപ്രച്ഛന്നരായും മറ്റും ഇത്തരം കേന്ദ്രങ്ങളിലെത്തി വാറ്റ് കേന്ദ്രങ്ങൾ നശിപ്പിച്ച് വരികയാണ്.
ലോക്ക് ഡൗണിന് മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ ഏറെ അബ്കാരി കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചാലക്കുടി, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി മേഖലകളിലാണ് ഏറ്റവും കൂടുതൽ വാറ്റ് കേന്ദ്രങ്ങൾ കണ്ടെത്തിയത്. മദ്യം ലഭിക്കാതായതിന് പുറമേ മയക്കു മരുന്ന്-കഞ്ചാവ് എന്നിവയുടെ വരവ് കുറഞ്ഞതുമാണ് വാറ്റു കേന്ദ്രങ്ങൾ വർദ്ധിക്കാൻ ഇടയാക്കിയത്. ജില്ലയിലേക്ക് ഓരോ മാസവും അന്യ സംസ്ഥാനങ്ങളിൽ നിന്ന് എകദേശം മൂന്നുറു കിലോയിൽ അധികം കഞ്ചാവ് വരാറുണ്ടെന്നാണ് കണക്ക്. ഇത് പൂർണ്ണമായും നിലച്ചമട്ടാണ്.
ലോക്ക്ഡൗണിന് ശേഷമുള്ള കണക്കുകൾ
പിടിച്ചെടുത്ത വാഷ് -2160 ലിറ്റർ
സ്പിരിറ്റ് -2 ലിറ്റർ
ചാരായം -41 ലിറ്റർ
കേസുകൾ -52
അറസ്റ്റ് -9
ലഭിക്കാവുന്ന ശിക്ഷ- 10 വർഷം
വാറ്റ് കേന്ദ്രങ്ങൾ
മലയോര മേഖല, പുഴയോര മേഖല, കുളങ്ങൾ, കാട്
മദ്യം ലഭിക്കാതെ ചാലക്കുടി വിമുക്തിയിൽ ചികിത്സ തേടിയെത്തിയവർ -23
ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാം
മദ്യം, കഞ്ചാവ്, മയക്ക് മരുന്ന് എന്നിവയ്ക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ പറ്റിയ സാഹചര്യമാണ് ഇതെന്ന് മാനസികരോഗ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കഞ്ചാവ് ഉൾപ്പെടെ ലഭിക്കാതെ വരുന്നവർ പ്രകടിപ്പിക്കുന്ന അസ്വസ്ഥതകൾ രണ്ടോ മൂന്നോ ദിവസമാണ് പ്രധാനമായും ഉണ്ടാവുക. ഈ അവസരത്തിൽ കൃത്യമായി കൗൺസലിംഗ് നടത്തിയാൽ മുക്തി നേടാനാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
....................
വാറ്റ് കേന്ദ്രങ്ങളിൽ നടക്കുന്ന പരിശോധനകൾ കർശനമായി തുടരും. ഒരു ലിറ്റർ ചാരായം കൈവശം വച്ചാലും പത്ത് വർഷത്തോളം തടവ് ലഭിക്കുന്ന കുറ്റമാണ് അബ്കാരി നിയമത്തിലുള്ളത്. പരാതി ലഭിക്കുന്ന മുഴുവൻ സ്ഥലങ്ങളിലും പരിശോധന നടത്തുന്നുണ്ട്. ഇതിനു പുറമേ ഇത്തരം കേസുകളിൽ നേരത്തെ ഉൾപ്പെട്ടിട്ടുള്ളവരെ നിരീക്ഷിച്ച് വരികയാണ്.
സാനു, എക്‌സൈസ് ഡെപ്യുട്ടി കമ്മിഷണർ, തൃശൂർ