vrellari
വെള്ളാങ്കല്ലൂരിൽ ഹോർട്ടി കോർപ്പ് പൊട്ട് വെള്ളരി സംഭരിക്കുന്നു

വെള്ളാങ്ങല്ലൂർ: ലോക്ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ വെള്ളാങ്കല്ലൂർ, കൊടുങ്ങല്ലൂർ, മാള, മതിലകം ഭാഗങ്ങളിലെ കർഷകർക്ക് ആശ്വാസമായി ഹോർട്ടി കോർപ്പ്. ഹോർട്ടികോർപ്പ് നേരിട്ട് വന്ന് ന്യായമായ വില നൽകി പൊട്ടുവെള്ളരി സംഭരിക്കാൻ തുടങ്ങി.

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ദിവസം മുതൽ വിപണി കണ്ടെത്താൻ വിഷമിക്കുകയായിരുന്നു കർഷകർ.

ജനുവരി മുതൽ മേയ് മാസം പകുതി വരെയാണ് പരമ്പരാഗതമായി പൊട്ടുവെള്ളരി കൃഷി ചെയ്ത് കർഷകർ വിളവെടുപ്പ് സമയം ക്രമീകരിക്കാറ്. അമിതമായ ചൂടുള്ള കാലാവസ്ഥയാണ് പൊട്ടുവെള്ളരി വാങ്ങി ഉപയോഗിക്കന്നതിന് ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നത്.

പുറംതൊലി, കുരുവിന്റെ ഭാഗവും മാറ്റി പഞ്ചസാര, ശർക്കര, പാൽ, പാൽപ്പൊടി, നാളികേരം ചിരകിയത് എന്നിവ ചേർത്ത് ജൂസ് തയ്യാറാക്കുകയാണ് ചെയ്യുക. എം.എൽ.എ. അഡ്വ. വി.ആർ സുനിൽകുമാർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ കൃഷിമന്ത്രിയുടെ ഓഫീസുമായും കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാറുമായും ബന്ധപ്പെട്ടാണ് പ്രശ്നത്തിന് പരിഹാരം തേടിയത്.

ആദ്യ ദിവസത്തെ സംഭരണം വെള്ളാങ്കല്ലൂരിലെ കർഷകനായ അംബുജാക്ഷന്റെ കൃഷിയിടത്തിൽ നിന്ന് നടത്തി. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഹോർട്ടികോർപ് മാനേജിംഗ് ഡയറക്ടർ ജെ. സജീവിന് പൊട്ടുവെള്ളരി നൽകി സംഭരണം ആരംഭിച്ചു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാധാകൃഷൻ, പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനിൽകുമാർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.ഐ മുഹമ്മദ് ഹാരിസ്, അസിസ്റ്റന്റ് കൃഷി ഓഫീസർ എം.കെ ഉണ്ണി, ഫീൽഡ് അസിസ്റ്റന്റ് കെ.എം ഇസ്മയിൽ, രമേശ് എം.കെ എന്നിവർ സന്നിഹിതരായി.