കൊടുങ്ങല്ലൂർ: കോട്ടപ്പുറം ചന്തയിൽ അനുഭവപ്പെടുന്ന തിക്കും തിരക്കും കണക്കിലെടുത്ത് ചന്തയിലേയ്ക്ക് ചരക്കുകൾ വരുന്നത് തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണെന്നത് പരിഗണിച്ച് ചന്ത നടത്തിപ്പ് സംബന്ധിച്ച് നഗരസഭ കർശനമായ തീരുമാനങ്ങളെടുത്തു. നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ്റെ നേതൃത്വത്തിൽ കൗൺസിൽ ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വ്യാപാരി സംഘടനാ നേതാക്കളുടെയും യോഗത്തിലാണ് തീരുമാനം.

ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ കോട്ടപ്പുറം ചന്ത ആഴ്ചയിൽ തിങ്കളാഴ്ച്ച മാത്രമേ നടത്തുവാൻ പാടുള്ളൂ. വ്യാഴാഴ്ച ചന്ത ഉണ്ടായിരിക്കുകയില്ല. ചന്തദിവസം പച്ചക്കറി വ്യാപാരം രാവിലെ 10 വരെയേ പാടുള്ളൂ. ഇത് ലംഘിക്കാനനുവദിക്കില്ല. ചന്തയിലേക്ക് പച്ചക്കറി ലോഡുകൾ പ്രവേശിക്കുന്നതും ഇറക്കുന്നതും ഞായറാഴ്ച രാവിലെ 9 മുതൽ തിങ്കളാഴ്ച രാവിലെ 9 വരെ മാത്രമേ അനുവദിക്കൂ.

മറ്റുള്ള ദിവസങ്ങളിൽ ചന്തയിലും പുറത്തും പച്ചക്കറി കച്ചവടം നടത്താൻ പാടില്ല. ഈ വ്യവസ്ഥ ലംഘിച്ചാൽ ശിക്ഷാ നടപടി സ്വീകരിക്കും. പലചരക്ക് വ്യാപാരം എല്ലാ ദിവസവും രാവിലെ ഏഴിന് തുടങ്ങി ഉച്ചയ്ക്ക് 12ന് അവസാനിപ്പിക്കണം. പലചരക്ക് ലോഡുകൾ ചന്തയിലേയ്ക്ക് പ്രവേശിക്കുന്നതും ഇറക്കുന്നതും ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 മുതൽ 12 വരെ മാത്രമായിരിക്കും.

വ്യാപാരികൾ കടകളിൽ വില നിലവാരം എഴുതി പ്രദർശിപ്പിക്കണം. എല്ലാവരും ശാരീരിക അകലവും ബ്രേക്ക് ദി ചെയിൻ സംബന്ധിച്ച നിബന്ധനകളും കർശനമായി പാലിക്കണം. ചന്ത ദിവസം വാഹനങ്ങളുടെ എൻട്രി കിഴക്കുഭാഗത്തു കൂടെയാണ്. വൺവേ പാലിച്ച് പടിഞ്ഞാറെ വഴിയിലൂടെ പുറത്തേക്ക് പോകണം. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എസ് കൈസാബ്, സി.കെ രാമനാഥൻ, പ്രതിപക്ഷ നേതാക്കളായ വി.ജി ഉണ്ണിക്കൃഷ്ണൻ, വി.എം ജോണി, നഗരസഭ സെക്രട്ടറി അഡ്വ. ടി.കെ സുജിത്, തഹസിൽദാർ കെ. രേവ, എസ്.ഐ. ഇ.ആർ ബൈജു, അസി: താലൂക്ക് സപ്ളൈ ഓഫീസർ പ്രിയ സി. ശങ്കർ എന്നിവരും വ്യാപാരി പ്രതിനിധികളും പങ്കെടുത്തു.