മാള: കൊവിഡ് 19 പ്രതിരോധത്തിനായി ആയുഷ് വകുപ്പും ആയുർവേദ മെഡിക്കൽ അസോസിയേഷനും ചേർന്ന് പൊലീസ് സേനയ്ക്ക് മരുന്ന് നൽകി. കൊവിഡ് 19 വൈറസിനെ ചെറുക്കുന്നതിനായാണ് എല്ലാ പൊലീസ് സ്റ്റേഷനുകളിലും പൊതു ഇടങ്ങളിൽ ജോലി ചെയ്യുന്ന പൊലീസുകാർക്ക് മരുന്ന് നൽകിയത്. സുദർശനം, വില്വാദി ഗുളികകളും ഗുളുച്യാദി കഷായ ചൂർണം എന്നിവയാണ് കഴിക്കാൻ കൊടുത്തിട്ടുള്ളത്. കഷായ ചൂർണം തിളപ്പിച്ച് കുടിക്കാം. കൂടാതെ അന്തരീക്ഷത്തിലെ അണുക്കളെ ഇല്ലാതാക്കുന്നതിന് അപരാജിത ചൂർണം പുകയ്ക്കുന്നതിനും നൽകി. മാള പൊലീസ് സ്റ്റേഷനിലേക്കുള്ള മരുന്ന് മാള പഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ് പൊലീസ് എസ്.ഐ എൻ.വി ദാസന് കൈമാറി. മെഡിക്കൽ ഓഫീസർ ഡോ. സിനി ഗിരീഷ് കുമാർ, ഡോ. പി.കെ ഗിരീഷ്‌കുമാർ എന്നിവർ പങ്കെടുത്തു...