തൃശൂർ : കൊവിഡ് കാലത്ത് നാട്ടിലെ ഉത്സവം മുഴുവൻ ചടങ്ങിലൊതുങ്ങുമ്പോൾ ആയിരങ്ങളുടെ ജീവിതമാണ് ഇരുളടയുന്നത്. ഉത്സവകാലം മുന്നിൽ കണ്ട് പണം കടം വാങ്ങുന്ന വാദ്യകലാകാരന്മാർ, ഒരു വർഷം ‌ജീവിക്കാനുള്ളത് സ്വരുക്കൂട്ടുന്ന ആന ഉടമകൾ, ചാകരക്കാലമായി കാണുന്ന വഴിവാണിഭക്കാർ, ആനപാപ്പാന്മാർ, വാടക വാങ്ങി ആനപ്പുറത്തിരിക്കാനെത്തുന്നവർ, പൂജാരികൾ... എന്നിങ്ങനെ സ്വന്തം ജീവിതം കൂടി നിറം പിടിപ്പിക്കാൻ ഒരാണ്ടുവരെ കാത്തിരിക്കുന്നവർ. ഇവരെല്ലാം അതിജീവനത്തിന്റെ പുത്തൻ കവലയിൽ എങ്ങോട്ടുപോകണമെന്നറിയാതെ പകച്ചുനിൽക്കുകയാണ്.

ഏപ്രിൽ, മേയ് മാസങ്ങളിൽ കിട്ടുന്നത് കൊണ്ടാണ് ഓണക്കാലം വരെ വാദ്യ കലാകാരന്മാരിൽ പലരും കഴിഞ്ഞുകൂടുന്നത്. തുടർന്ന് അടുത്ത വർഷത്തെ അഡ്വാൻസ് വാങ്ങി ജീവിക്കും. ഈ പ്രതീക്ഷയെല്ലാം ഇത്തവണ അസ്ഥാനത്തായി.

കക്കാട് രാജപ്പൻ മാരാർ, തായമ്പക - മേളം കലാകാരൻ

വളരെ ചെറിയ പ്രതിഫലം കിട്ടുന്ന കലാകാരന്മാർക്ക് ഒരു സീസണിൽ അമ്പത് പരിപാടി നഷ്ടമായാൽ അവരുടെ സാമ്പത്തിക നില അതോടെ തകിടം മറിയും. സർക്കാർ ആശ്വാസ ധനം പ്രഖ്യാപിക്കണം.

പെരുവനം കുട്ടൻ മാരാർ, വാദ്യകലാകാരൻ

ഉത്സവ പറമ്പുകളിലെ ഹൈഡ്രജൻ ബലൂണുകൾ കുട്ടികൾക്ക് മാത്രമല്ല യുവാക്കൾക്കും ഹരമാണ്. കഴിഞ്ഞ ഇരുപത് ദിവസം കൊണ്ട് നഷ്ടമായത് ഒരു ലക്ഷം രൂപയാണ്.

കോഴിക്കോട് ഇരിങ്ങലിലെ ബഷീർ, ബലൂൺ വിൽപ്പനക്കാരൻ ........

ഉത്സവങ്ങളിലെ എഴുന്നള്ളിപ്പാണ് ഒരു വർഷത്തെ വരുമാനം. നഷ്ടങ്ങളെക്കുറിച്ച് ആലോചിക്കുന്നില്ല. ഭക്ഷണത്തിനും മരുന്നുമൊക്കെയായി ഒരാനയ്ക്ക് ഒരു ദിവസം അയ്യായിരത്തോളം രൂപ വേണ്ടിവരും. ഇത്തരത്തിൽ എങ്ങനെ മുന്നോട്ടു പോകുമെന്നറിയില്ല.

ഹരിദാസൻ മംഗലാംകുന്ന്,

ആനയുടമ

മൂന്നാഴ്ചയായി വെറുതെ ഇരിക്കുകയാണ്. ഇരുപത് പരിപാടിയെങ്കിലും ഇതിനകം നഷ്ടമായി. നാൽപ്പതിനായിരം രൂപയോളം നഷ്ടമായി. ഈ മൂന്ന് മാസത്തെ വരുമാനം കൊണ്ടാണ് ഒരു വർഷം പിടിച്ചു നിൽക്കുന്നത്.

ശശി മണ്ണാർക്കാട്

ആന പാപ്പാൻ

ആലവട്ടവും വെഞ്ചാമരവും മുത്തുക്കുടയും പിടിക്കാൻ ആനപ്പുറത്തിരിക്കുന്നവർക്ക് എന്തെങ്കിലും കിട്ടുന്നത് ഉത്സവകാലത്ത് മാത്രമാണ്. കൂലിവേല ചെയ്യുന്ന ഇത്തരക്കാർക്ക് എന്തെങ്കിലും മിച്ചം വയ്ക്കാൻ കഴിയുന്ന കാലം കൂടിയാണിത്. എല്ലാം പോയി.

പ്രകാശ് കൊടുവായൂർ,

ആനപ്പുറത്തിരിക്കാൻ ആളെ വിതരണം ചെയ്യുന്നയാൾ.