തൃശൂർ: കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാളുടെ ഫലം നെഗറ്റീവായതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തു. ദുബായിൽ നിന്ന് മടങ്ങിയെത്തി ചികിത്സയിൽ പ്രവേശിപ്പിച്ചയാളാണ് ആശുപത്രി വിട്ടത്. ജില്ലയിൽ വീടുകളിൽ 14,677 പേരും ആശുപത്രികളിൽ 39 പേരും ഉൾപ്പെടെ ആകെ 14,716 പേരാണ് നിരീക്ഷണത്തിലുള്ളത്. 262 പേരോട് പുതുതായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചു. നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരെ വിട്ടു.

തിങ്കളാഴ്ച 13 സാമ്പിളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതു വരെ 8,25 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 809 സാമ്പിളുകളുടെ ഫലം വന്നു. 16 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 228 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുള്ളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. 183 പേർക്ക് കൗൺസലിംഗ് നൽകി. 2,304 വീടുകൾ ദ്രുതകർമ്മസേന സന്ദർശിച്ചു.

സിവിൽ ഡിഫൻസ് വളണ്ടിയർമാർ, അഗ്‌നിശമന വിഭാഗം, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ഫീൽഡ് അസിസ്റ്റന്റുമാർ, ആരോഗ്യ വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ചാവക്കാട്, ഗുരുവായൂർ എന്നീ പ്രദേശങ്ങളിലെ കെ.എസ്.ഇ.ബി ഓഫീസുകൾ, ജി.എസ്.ടി ഓഫീസ്, എ.ടി.എമ്മുകൾ, ബാങ്കുകൾ എന്നിവ അണുവിമുക്തമാക്കി. ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെ അടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 2,585 പേരെയും മത്സ്യച്ചന്തയിൽ 1,125 പേരെയും ശക്തൻ ബസ് സ്റ്റാൻഡിലെത്തിയ 86 പേരെയും സ്‌ക്രീൻ ചെയ്തു.