കൊടുങ്ങല്ലൂർ: സർക്കാർ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും നൽകുന്ന ഭക്ഷ്യധാന്യ കിറ്റിലെ പലവ്യഞ്ജനം നൽകുന്ന പദ്ധതിയുടെ വിജയത്തിനായി സി.പി.എം എടവിലങ്ങ് ലോക്കൽ കമ്മിറ്റി 12,000 കവറുകൾ നിർമ്മിച്ച് നൽകി. പ്രകൃതിക്ക് അനുയോജ്യമായ പേപ്പർ കവറുകൾ നിർമ്മിച്ച് അതിൽ പലവ്യഞ്ജനങ്ങൾ വിതരണം ചെയ്യുക എന്ന ആശയം എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എ.പി ആദർശ് ഔദ്യോഗികമായി അറിയിച്ചത് പ്രകാരമായിരുന്നു നിർമ്മാണം.

ജനകീയ പങ്കാളിത്തത്തോടെ വീടുകളിൽ പേപ്പർ കവർ നിർമ്മാണമെന്ന സന്ദേശവുമായി ഇതിലെ മുഖ്യപങ്കാളിയായ സി.പി.എം എല്ലാ വീടുകളിലും ബോധവത്കരണം നടത്തിയിരുന്നു. അതുവഴി വീടുകളിൽ നിർമ്മിച്ച പേപ്പർ കവറുകൾ പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ തന്നെ ശേഖരിച്ച് ലോക്കൽ കമ്മറ്റി ഓഫീസിലെത്തിച്ച് എണ്ണമെടുക്കുമ്പോഴാണ് എല്ലാം കൂടി 12,000ൽ പരം കവറുകളുണ്ടെന്നത് വ്യക്തമായത്. ഇവ ലോക്കൽ സെക്രട്ടറി സി.എ ഷഫീർ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ആദർശിന് കൈമാറി. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ വീടുകളിൽ ഇരിക്കുന്ന ജനങ്ങളെ കൂടി ഭാഗമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പേപ്പർ കവർ നിർമ്മാണത്തിന് മുൻകൈയെടുത്തതെന്ന് പഞ്ചായത്ത് പ്രസിഡന്റും പാർട്ടി സെക്രട്ടറി സി.എ ഷെഫീറും പറഞ്ഞു