തൃശൂർ: ജില്ലയിൽ ഇതുവരെ 6,82,047 ആളുകൾ റേഷൻ കൈപ്പറ്റി. 8.37 കാർഡ് ഉടമകളിലെ 80.47 ശതമാനമാണിത്. ചാലക്കുടി താലൂക്കിലെ ആദിവാസി ഊരുകളിൽ പൊതുവിതരണ വകുപ്പ് സൗജന്യ റേഷൻ വിതരണം ചെയ്തു. തിങ്കളാഴ്ച വൈകിട്ട് നാല് വരെ മാത്രം 1,58,450 റേഷൻ കാർഡ് ഉടമകൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. വിവിധ താലൂക്കുകളിലെ 51 സ്ഥാപനങ്ങളിൽ പൊതുവിതരണ വകുപ്പിന്റെ സ്‌പെഷൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 15 കടകളിൽ ക്രമക്കേട് കണ്ടെത്തി. പലചരക്ക് വിഭാഗത്തിൽ 24 കടകളിലും പച്ചക്കറി വിഭാഗത്തിൽ 27 കടകളിലുമാണ് പരിശോധന നടന്നത്. ഇതിൽ തൃശൂർ താലൂക്കിൽ മൂന്നും തലപ്പിള്ളി താലൂക്കിൽ ഒമ്പതും കൊടുങ്ങല്ലൂർ താലൂക്കിൽ ഒന്നും മുകുന്ദപുരം താലൂക്കിൽ രണ്ടും കടകളിലായാണ് ക്രമക്കേട് കണ്ടെത്തിയത്. പലചരക്ക് വിഭാഗത്തിൽ തൃശൂർ 4, തലപ്പിള്ളി 9, ചാവക്കാട് 2, മുകുന്ദപുരം 9, എന്നിങ്ങനെയും പച്ചക്കറി വിഭാഗത്തിൽ തൃശൂർ 13 തലപ്പിള്ളി 3, ചാവക്കാട് 3, മുകുന്ദപുരം 4, ചാലക്കുടി 2, കൊടുങ്ങല്ലൂർ 2 എന്നിങ്ങനെയുമായാണ് പരിശോധന നടത്തിയ സ്ഥാപനങ്ങളുടെ എണ്ണം.