തൃശൂർ: കൊവിഡ് മുൻകരുതലുകൾക്കിടയിലും ജില്ലയിൽ കൊയ്ത്തും നെല്ല് സംഭരണവും അതിവേഗം പുരോഗമിക്കുന്നു. കോൾ പാടശേഖരങ്ങളിൽ 4,000 ഹെക്ടർ കൊയ്ത്ത് പൂർത്തിയായി. മറ്റ് പാടശേഖരങ്ങളടക്കം 13,000 ഹെക്ടറിലെ കൊയ്ത്തും കഴിഞ്ഞിട്ടുണ്ട്. ഇനി കൊയ്യാനുള്ളത് 6,000 ഹെക്ടർ പാടം. ജില്ലയിൽ 1,23,000 ടൺ നെല്ല് ലഭിക്കുമെന്നാണ് പ്രതീക്ഷ. വിരിപ്പ്, രണ്ടാംവിള, കോൾ എന്നീ നിലങ്ങളിലെ ആകെ കണക്കാണിത്. ഇതിൽ ഒരു ലക്ഷം ടൺ നെല്ല് സപ്ലൈകോ വഴി സംഭരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 39,757 ടൺ സപ്ലൈകോ ഇതുവരെയായി സംഭരിച്ചിട്ടുണ്ട്.
77 യന്ത്രങ്ങളാണ് ജില്ലയിൽ നെല്ല് കൊയ്യുന്നത്. അരിമ്പൂർ പഞ്ചായത്തിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ കൃഷിയിറക്കിയത്. 18 പടവുകളിലായി 1,101 ഹെക്ടറിലാണ് അവിടെ കൃഷിയിറക്കിയത്. 6,893 ഹെക്ടറിലാണ് ഇനി കൊയ്യാനുള്ളത്. ഏപ്രിൽ അവസാനത്തോടെ 80 ശതമാനം നെല്ലും വിളയുമെന്നാണ് പ്രതീക്ഷ. മേയ് രണ്ടാംവാരത്തോടെ ബാക്കിയുള്ള പാടങ്ങളും കൊയ്ത്തിന് തയ്യാറാകും.107 കോടി മൂല്യമുള്ള നെല്ലാണ് കൊവിഡ് കാലത്ത് സപ്ലൈകോ സംഭരിച്ചത്. പരാതികൾ ഒന്നുമില്ലാതെയാണ് സംഭരണം സുഗമമായി മുന്നേറുന്നതെന്ന് സപ്ലൈകോ പാഡി ഓഫീസർ അറിയിച്ചു.