ചാലക്കുടി: സർക്കാരിന്റെ ആരോഗ്യ പ്രോട്ടോക്കോളിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ. നഗരസഭാ ജൂബിലി ഹാളിൽ ചാലക്കുടി മണ്ഡലംതല കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലയിൽ രണ്ട് സ്വകാര്യ ആശുപത്രികളിൽ ഇത്തരത്തിലുള്ള പ്രവൃത്തികൾ നടക്കുന്നതായി അറിവ് ലഭിച്ചിട്ടുണ്ട്. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയെ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. വിമുക്തി ചികിത്സയ്ക്കായി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ആഴ്ചയിൽ രണ്ട് ദിവസം സൈക്യാട്രിസ്റ്റിന്റെ സേവനം ലഭ്യമാക്കും. രണ്ട് പുരുഷ നഴ്‌സുമാരെയും ഇതിനായി നിയമിക്കും.

കുടിവെള്ളം ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കും. ഇതുവരെയുള്ള പ്രവകർത്തനങ്ങളിൽ യോഗം സംതൃപ്തി രേഖപ്പെടുത്തി. ബി.ഡി. ദേവസ്സി എം.എൽ.എ, ജില്ലാ കളക്ടർ എസ്. ഷാനവാസ്, നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.