സിംപിളിന്റെ വീടിന് മുന്നിൽ വിരിഞ്ഞ് നിൽക്കുന്ന പത്ത് മണി പൂക്കൾ
ഇരിങ്ങാലക്കുട : പത്ത് മണി പൂക്കളുടെ വലിയ ഒരു കളക്‌ഷനാണ് ഇരിങ്ങാലക്കുടക്കാരി സിംപിൾ തന്റെ വീടിന് മുന്നിലായി ഒരുക്കിയിരിക്കുന്നത്. രാവിലെ എട്ട് മണി മുതൽ എ.കെ.പി ജംഗ്ഷന് സമീപത്തുള്ള മാനസരോവർ എന്ന സിംപിളിന്റെ വീടിന് മുന്നിലുള്ള 18 സെന്റ് സ്ഥലത്ത് പൂക്കൾ വിരിഞ്ഞ് തുടങ്ങും. അതൊടൊപ്പം തന്നെ പൂക്കളിലെ തേൻ കുടിക്കാൻ കൂട്ടത്തോടെ തേനീച്ചകളും എത്തും. പറമ്പ് നിറയെ പല കളറുകളിലായി ഒമ്പതര മണിയോടെ പൂക്കൾ മുഴുവനായും വിരിയും.
തായ്‌ലാൻഡ് വെറൈറ്റി എന്ന ഇനത്തിൽപ്പെട്ട ദിവസം മുഴുവൻ പൂ വിരിഞ്ഞ് നിൽക്കുന്ന സിൻഡ്രല്ല ഉൾപ്പെടെ നൂറോളം പത്ത് മണി പൂക്കളാണ് സിംപിളിന്റെ കളക്‌ഷനിൽ ഉള്ളത്. ഫേസ്ബുക്കിലൂടെ ചെടികൾ പൈസ നൽകി വാങ്ങിയും പരസ്പരം കൈമാറിയുമാണ് ഇത്രയും കളക്‌ഷൻ ഉണ്ടായത് എന്ന് സിംപിൾ പറയുന്നു. ഭർത്താവ് ഉല്ലാസും മക്കളായ ശിവമാധവും ശിവാംശിയും എല്ലാവിധ സഹായവുമായി കൂടെയുണ്ട്. പത്ത് മണി ചെടികളുടെ പരിപാലനം കൂടാതെ നല്ലൊരു ചിത്രകാരി കൂടിയാണ് പനങ്ങാട് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗത്തിലെ മലയാളം അദ്ധ്യാപികയായ സിംപിൾ.150 ഓളം ചിത്രങ്ങൾ വരച്ചിട്ടുള്ള സിംപിളിന്റെ ചിത്രങ്ങളുടെ പ്രദർശനവും നടത്തിയിട്ടുണ്ട്.